അയൽകൂട്ടങ്ങൾക്കുള്ള 2000 കോടി രൂപയുടെ വായ്പാ പദ്ധതി തട്ടിപ്പെന്ന് കെ സി ജോസഫ്

  • 06/04/2020

കോവിഡ് കാലത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 'മുഖ്യമന്ത്രിയുടെ സഹായഹസ്‌തം' എന്ന പേരിൽ രണ്ടായിരം കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചതായ മാധ്യമ വാർത്തകൾ വെറും പ്രചാരണ തട്ടിപ്പു മാത്രമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് എം എൽ എ പ്രസ്താവിച്ചു.
പിണറായി സർക്കാർ ഈ പദ്ധതിക്കുവേണ്ടി ഒരു ചില്ലിക്കാശു പോലും ചെലവഴിക്കുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത് അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും സ്ഥിതിയും പരിഗണിച്ചുകൊണ്ട് അയ്യായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ സഹകരണ/ഷെഡ്യൂൾ ബാങ്കുകൾ വഴി വായ്പ അനുവദിക്കുമെന്നാണ്. പണം കൊടുക്കുന്നത് സംസ്ഥാന ഗവൺമെന്റ് അല്ല ,ബാങ്കുകളാണ്. ഇങ്ങനെ നൽകുന്ന വായ്പയുടെ തിരിച്ചടവ് മുപ്പത്തിയാറ് മാസങ്ങൾ കഴിഞ്ഞിട്ടേ വേണ്ടതുള്ളു. അതായത് ഈ സർക്കാറിന്റെ കാലാവധി കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം മാത്രമാണ് തിരിച്ചടവ് ആരംഭിക്കുന്നത്. 2023 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ മൂന്ന് വാർഷിക ഗഡുക്കളായിട്ട് വായ്പ തിരിച്ചടക്കണം. തിരിച്ചടക്കുമ്പോൾ വായ്പാ തുകയുടെ പലിശ സർക്കാർ നൽകും. അത് നൽകേണ്ടി വരുന്നത് അടുത്ത ഗവഃആണ്. ‌ പിണറായി സർക്കാർ ഒരു ചില്ലിക്കാശുപോലും ഈ പദ്ധതിയിൽ ചെലവഴിക്കേണ്ടി വരില്ല . യാഥാർഥ്യം ഇതായിരിക്കെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കു വേണ്ടി മുഖ്യമന്ത്രി എന്തോ സമഗ്രമായ ഒരു പാക്കേജ് കൊണ്ടുവരുന്നുവെന്നും വലിയ സാമ്പത്തിക സഹായം നൽകുന്നുവെന്നുമുള്ള പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കലാണ്. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആദ്യം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തന്നെ വലിയ തട്ടിപ്പാണ്. ഇരുപതിനായിരം കോടി രൂപയിൽ പതിനാലായിരം കോടി രൂപയും ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം കരാറുകാർക്ക് നൽകാനുള്ള ബിൽ കുടിശ്ശികയാണ്. 1200 കോടി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകാനുള്ള കുടിശ്ശികയും. കോവിഡ് ഉണ്ടായില്ലെങ്കിലും സർക്കാർ നൽകേണ്ട ബാധ്യതയാണിത്
പ്രചാരണ തന്ത്രങ്ങൾ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമം അധികകാലം വിലപ്പോകില്ലെന്ന് കെ സി ജോസഫ് എം എൽ എ പറഞ്ഞു.

Related News