സവിതയ്ക്ക് കണ്ണൂരിലെത്താൻ ആംബുലൻസ് ഒരുക്കി തിരുവനന്തപുരം ഡി.സി.സി

  • 06/04/2020

തിരുവനന്തപുരം• ആർ.സി.സിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ കോടിയേരി സ്വദേശിനി സവിതയെ മലബാർ ക്യാൻസർ സെന്ററിലെത്തിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി. ഏറെനാളായി ആർ.സി.സിയിൽ ചികിത്സയിലായിരുന്ന സവിതയെ നാലാം തീയതി ഡിസ്ച്ചാർജ് ചെയ്യുകയായിരുന്നു. തുടർന്നുള്ള ചികിത്സക്കായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലേക്ക് മാറ്റാനായിരുന്നു അധികൃതരുടെ നിർദേശം.

എന്നാൽ ഭാരിച്ച ചികിത്സാ ചിലവിന് ശേഷം യാത്രക്കായോ, ആംബുലൻസിന് നൽകാനായുളള പണമോ ഉണ്ടായിരുന്നില്ല. ലോക്ക് ഡൗൺ കാരണം മറ്റു വാഹനസൗകര്യവും ലാഭിച്ചിരുന്നില്ല. കുടുംബം നിരവധി സഹായങ്ങൾ അഭ്യർഥിച്ചെങ്കിലും ഫലം കണ്ടില്ല.

തുടർന്ന്, സവിതയുടെ സഹോദരൻ കണ്ണൂർ എം.പി കെ.സുധാകരനെയും, ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനിയോടും സഹായം അഭ്യർഥിച്ചു. വിവരം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെയും അറിയിച്ചു.

എന്നാൽ, ഈ വിവരം അറിഞ്ഞ ഉടൻ തന്നെ നെയ്യാറ്റിൻകര സനൽ നേരിട്ട് ആശുപത്രിയിലെത്തി സവിതയോട് വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന്, കണ്ണൂരിലേക്ക് പോകാനായി കൈയ്യിൽ നിന്നും 15,000-ത്തോളം രൂപ നൽകി ആംബുലൻസും ഒരുക്കി. ഉച്ചയ്ക്ക് മൂന്നു മണിയോടെ സവിത സനലിനും കോൺഗ്രസിനും നന്ദി പറഞ്ഞ് ആശ്വാസത്തിന്റെ കണ്ണീരോടെ കണ്ണൂരിലേക്ക് യാത്രതിരിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന നിരവധിപേരുണ്ടെന്നും അവർക്ക് കോൺഗ്രസ് പ്രവർത്തകർ പരമാവധി സഹായം നൽകി കൂടെയുണ്ടാകണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ പറഞ്ഞു.

Related News