മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും അടിയന്തിര ആശ്വാസ ധനസഹായം.

  • 06/04/2020

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്കും ബോര്‍ഡ് മുഖേന ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനികര്‍, കോലധാരികള്‍, അന്തിത്തിരിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അടിയന്തിര ആശ്വാസ ധനസഹായം നല്‍കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊറോണ രോഗവ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലബാറിലെ ക്ഷേത്ര ജീവനക്കാരുടെയും മറ്റും സാമ്പത്തിക പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അതിന് അടിയന്തിര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും 5 കോടി രൂപ ഈ ഇനത്തില്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ അനുമതി നല്‍കിയത്.

മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്രജീവനക്കാര്‍ക്ക് 10,000 രൂപ വീതമാണ് അടിയന്തിര ധനസഹായം അനുവദിക്കുക. ഇതിനായി കാസര്‍കോട് ഡിവിഷന് 90 ലക്ഷം രൂപയും തലശ്ശേരി ഡിവിഷന് 80 ലക്ഷം രൂപയും കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ഡിവിഷനുകള്‍ക്ക് 50 ലക്ഷം രൂപ വീതവുമായി ആകെ 3 കോടി 20 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. ഇത് കൂടാതെ ബോര്‍ഡിനു കീഴിലെ ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധിയില്‍ അംഗത്വമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും, ക്ഷേത്ര ഫണ്ടിന്റെ അപര്യാപ്തത മൂലം അതത് ക്ഷേത്രങ്ങളില്‍ നിന്ന് ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്ര ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും പ്രത്യേക ആശ്വാസ ധനസഹായമായി ‘മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി’ മുഖേന 2500 രൂപ വീതം അനുവദിക്കും. മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കുന്ന ക്ഷേത്രജീവനക്കാര്‍ക്കും ഈ തുക ലഭ്യമാക്കും. 4000 അംഗങ്ങള്‍ക്കായി ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

ജീവനക്കാര്‍ കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപെട്ട ആചാരസ്ഥാനികര്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഒറ്റത്തവണ അടിയന്തിര ധനസഹായമായി 3600 രൂപ വീതം ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഈ ഇനത്തില്‍ 2208 പേര്‍ക്കായി 79.48 ലക്ഷം രൂപ വിനിയോഗിക്കുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Related News