പുതിയ റാപ്പിഡ് ടെസ്റ്റ് പി സി ആർ പ്രവർത്തനം ആരംഭിച്ചു

  • 06/04/2020

തിരുവനന്തപുരം: കോവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി. ശശി തരൂർ എം പിയാണ് പി സി ആർ അനുവദിച്ചത്. മൈക്രോബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി സി ആർ മെഷീനിൽ നിന്നും വ്യത്യസ്ഥമായി ഈ മെഷീനിൽ സമയലാഭം ഉണ്ടെന്നത് ഏറെ പ്രയോജനകരമാണ്. ഒരു സാമ്പിൾ പ്രിലിമിനറിയായി പരിശോധിച്ച് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ വീണ്ടും ഒരു പി സി ആർ കൂടി ചെയ്ത് റിസൾട്ട് സ്ഥിരീകരിക്കുന്ന രീതിയാണ് നേരത്തേയുള്ളത്. എന്നാൽ പുതിയ പിസി ആർ രണ്ടു പരിശോധനകളും ഒരുമിച്ചാണ് ചെയ്യുന്നത്. രണ്ടര മണിക്കൂർ കൊണ്ട് ഒരു സാമ്പിൾ പരിശോധിക്കാനാകും. എന്നാൽ ഇതുവരെ നടത്തിവന്ന പി സി ആർ പരിശോധനയ്ക്ക് അഞ്ചര മണിക്കൂറാണ് വേണ്ടി വരുന്നത്. അതു കൊണ്ടു തന്നെ വലിയ തോതിൽ സമയലാഭം ഉണ്ടാകുന്നുണ്ട്. 300 പരിശോധനാ കിറ്റുകളാണ് മെഡിക്കൽ കോളേജിന് അനുവദിച്ചത്. സാധാരണ നടത്തി വരുന്ന റിയൽ ടൈം ആർ ടി പി സി ആർ പരിശോധനയാണ് ഇതിലും നടത്തി വരുന്നത്. എന്നാൽ മൂന്നു മണിക്കൂർ വരെ സമയം ലാഭിക്കാനാകും.
നിലവിൽ മൈക്രോബയോളജിയിലെ ജീവനക്കാർക്കു പുറമേ മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റിലെയും ചൈൽഡ് ഡവലപ്മെൻറ് സെന്ററിലെയും രണ്ടു ജീവനക്കാരെ വീതം നിയമിച്ചിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കെത്തിയാൽ എത്രയും വേഗം ഈ ജീവനക്കാർ കൂടി മൈക്രോബയോളജി ലാബിലെ ജീവനക്കാർക്കൊപ്പം ചേരുമെന്ന് വകുപ്പു മേധാവി ഡോ ശാരദാദേവി പറഞ്ഞു.

Related News