ഇ.എസ്.ഐ ബാധകമായ തൊഴിലാളികൾക്കും സഹായം എത്തിക്കണം ആനത്തലവട്ടം ആനന്ദൻ

  • 07/04/2020

ഇ.എസ്.ഐ ബാധകമായിട്ടുള്ള തൊഴിലാളികൾക്ക് ലോക്ക് ഡൗൺ സമയത്ത്, തൊഴിൽ നഷ്ടപ്പെട്ട കാലയളവിൽ സാമ്പത്തിക സഹായം നൽകാൻ ഇ.എസ്.ഐ കോർപ്പറേഷൻ തയ്യാറാകണം. കേരളത്തിൽ വിവിധ ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് അവരുടെ ശേഷിക്ക് അനുസരണമായ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇ.എസ്.ഐ ബാധകമായ തൊഴിലാളികൾക്ക് സംസ്ഥാന ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്തതിനാൽ ഈ ആനുകൂല്യം അവർക്ക് ലഭിക്കുന്നില്ല.

കേരളത്തിൽ 10,54,120 തൊഴിലാളികൾ ഇഎസ്ഐ കോർപ്പറേഷനിൽ പേര് രജിസ്റ്റർ ചെയ്ത് വിഹിതം അടക്കുന്നവരുണ്ട്. ഇഎസ്ഐ ആശുപത്രികളിലും, ഡിസ്പെൻസറികളിലും ചികിത്സാസഹായവും, അവധിക്കാലത്തെ വേതനവും മാത്രമാണ് കോർപ്പറേഷൻ നൽകുന്നത്.
കേരളത്തിൽ നിന്നും മാത്രം ഇ.എസ്.ഐ കോർപ്പറേഷന് പ്രതിവർഷം ആയിരം കോടിയോളം രൂപ ലഭിക്കുന്നുണ്ട്. 2019 ൽ കോർപ്പറേഷനുള്ള നിക്ഷേപ സംഖ്യ 60,000 കോടി രൂപയാണ്. ഇപ്പോഴിത് വർദ്ധിച്ചിട്ടുണ്ട്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടു ദുഃഖിതരായി കഴിയുന്ന തൊഴിലാളികൾക്ക് കോർപ്പറേഷൻ കുറഞ്ഞത് 3000 രൂപ വീതമെങ്കിലും അടിയന്തിര സഹായം എത്തിക്കണം. അതിനുള്ള നിർദ്ദേശം കേന്ദ്ര ഗവൺമെന്റ് നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്കും, ഇ.എസ്.ഐ കോർപ്പറേഷൻ മേലധികാരികൾക്കും സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ കത്തയച്ചു. ഇതിനാവശ്യമായ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചു.

Related News