അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നെടുംതൂണായി നിലക്കൊണ്ട കെ.എം. മാണി ഓർമ്മയായിട്ട് ഇന്ന് (9-4-20) ഒരു വർഷം. ഓർമ്മദിനം കാരുണ്യദിനമായി ആചരിക്കാനാണ് കേരള കോൺഗ്രസ് -എം തീരുമാനിച്ചിരിക്കുന്നത്. കെ.എം. മാണി സമ്യതി സംഗമം കോട്ടയത്ത് സംഘടിപ്പിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
അലക്കി തേച്ച വെള്ള ജൂബയും വീശിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ മീശയും ഉറക്കെയുള്ള ചിരിയുമായി സംസ്ഥാനത്ത് നിറഞ്ഞുനിന്ന കെ.എം. മാണിയെ കേരളം ശരിക്കും മിസ് ചെയ്യുന്നുണ്ട് . മുന്നണി രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച സുദീർഘ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1965 ൽ നിയമസഭയിലെത്തിയ കെ.എം.മാണി രാജ്യത്ത് തന്നെ അപൂർവ റെക്കോർഡുകൾക്ക് ഉടമയായ വ്യക്തിത്വമാണ് . 1933 ജനുവരി 30 നാണ് ജനനം. 1965 മുതൽ 2019 ഏപ്രിൽ 9 ന് കൊച്ചിയിൽ അന്തരിക്കുന്നത് വരെ അദ്ദേഹം പാലാ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധികരിച്ചു. ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവുമധികകാലം (24വർഷം) മന്ത്രി, ഏറ്റവുമധികകാലം (52) ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുക, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം(12),ഏറ്റവും കൂടുതൽ കാലം ധനമന്ത്രിയും (11വർഷം 8 മാസം )നിയമമന്ത്രിയും (21വർഷം 2 മാസം) തുടങ്ങിയവ റെക്കോർഡുകളിൽ ചിലത് മാത്രം. മാണിയുടെ റെക്കോർഡുകൾ ദേശീയ റെക്കോർഡാണ്. ഇന്ദ്രജിത് ഗുപ്ത 41 വർഷം ലോകസഭയിലും സോമനാഥ് ചാറ്റർജി 38 വർഷവും ലോകസഭയിലും അംഗമായിരുന്നിട്ടുണ്ട്.
കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം മാണിയെ നിയമസഭയിൽ ആദരിക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 1962 മുതൽ വിസ്കോൻസിനിൽ നിന്ന് അമേരിക്കൻ സെനറ്റിലേക്ക് തുടർച്ചയായി തിരഞ്ഞടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.
2014 മാർച്ച് 12 ന് കെ ആർ. ഗൗരിയമ്മയുടെ റെക്കോർഡ് തകർത്താണ് ഏറ്റവും കൂടുതൽ കാലം എം എൽ എ ആയ വ്യക്തിയായി കെ. എം. മാണി മാറിയത്. ഏറ്റവും കൂടുതൽ തവണ (13) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കെ.എം. മാണിയാണ്. 1975 ൽ ആദ്യം മന്ത്രിയായത് സി. അച്യുതമേനോന്റെ കാബിനറ്റിൽ: ധനമന്ത്രി.
നിർദ്ധനർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം തുടങ്ങിവച്ച കാരുണ്യ ബനവലന്റ് ഫണ്ട് രാജ്യത്തിന് തന്നെ മാതൃകയായി. ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചത് അദ്ദേഹമാണ്.കർഷക തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ,സംസ്ഥാനത്ത് എമ്പാടും വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കിയ വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദധതി, റവന്യു കാർഡ് തുടങ്ങി ഒട്ടനവധി പദ്ധതികൾ അദ്ദേഹം സംസ്ഥാനത്ത് നടപ്പിലാക്കി. മലയോര കർഷകർക്ക് പട്ടയം ഉൾപ്പെടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്നു. ആഭ്യന്തരം,ധനം, റവന്യൂ,നിയമം,ജലസേചനം, വൈദ്യുതി,ഭവനനിർമാണം,നഗരവികസനം,ഇൻഫർമേഷൻ വകുപ്പുകളിൽ മന്ത്രിയായിരുന്നു. ജി. എസ്. ടി.ക്ക് രൂപം നൽകിയ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷ പദവിയും വഹിച്ചു. എഴുത്തുകാരൻ,അഭിഭാഷകൻ, വാഗ്മി എന്നീ നിലകളിലും തിളങ്ങി. തന്റെ രാഷ്ട്രീയ കക്ഷിയായ കേരള കോൺഗ്രസ്സിന് അദ്ദേഹം എഴുതിയ സിദ്ധാന്തമാണ് അധ്വാന വർഗ്ഗ സിദ്ധാന്തം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?