അര്‍ബുദരോഗി വീടണഞ്ഞു; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പോലീസിന്‍റെ കരുതലില്‍

  • 07/04/2020

കണ്ണൂര്‍ ഏളയാട് സ്വദേശിയായ അര്‍ബുദ രോഗി. തൊണ്ടയില്‍ ഓപ്പറേഷനും റേഡിയേഷനും കഴിഞ്ഞ് ചികില്‍സയിലായതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ കേരള പോലീസിനെ കുറിച്ച് പറയാന്‍ നൂറുനാവ്. സംസാരിക്കുമ്പോള്‍ ഒച്ചയടയും, എന്നാലും പോലീസ് ചെയ്തുനല്‍കിയ സഹായം ഓര്‍ത്തെടുത്തപ്പോള്‍ ശബ്ദത്തിന് കണ്ണീര്‍നനവ്.

മഹാരാഷ്ട്രയില്‍ ഡ്രൈവറായി ജോലി നോക്കവെ കാന്‍സര്‍ ബാധിച്ചാണ് 43 കാരനായ ഇയാള്‍ ചികില്‍സയ്ക്കായി നാട്ടിലെത്തിയത്. അസുഖബാധിതനാകുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിഞ്ഞു ലഭിച്ച കുഞ്ഞിനെ ഒരുനോക്കു കണ്ടശേഷം ചികില്‍സയ്ക്കായി ബന്ധുവിനൊപ്പം തിരുവനന്തപുരം ആര്‍.സി.സിയിലെത്തി. ഓപ്പറേഷനും തുടര്‍ ചികില്‍സയും കൂടി രണ്ടുമാസത്തോളം വേണ്ടിവന്നതിനാല്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനമാകെ ലോക്ഡൗണ്‍ നിലവില്‍ വന്നതിനാല്‍ ചികില്‍സ കഴിഞ്ഞ് മടങ്ങാന്‍ നിശ്ചയിച്ചിരുന്ന സമയത്ത് വാഹനം ലഭ്യമായില്ല. സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസുകളെ സമീപിച്ചപ്പോള്‍ ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാന്‍ കഴിയുമായിരുന്നില്ല. രണ്ടുമാസത്തെ ചികില്‍സയുടെ അവശതയും ലോക്ഡൗണ്‍ ആയതോടെ ഭക്ഷണത്തിനും മറ്റുമുണ്ടായ ബുദ്ധിമുട്ടും അയാളെ വല്ലാതെ തളര്‍ത്തി. നിരാശയോടെ മൂന്ന് നാലു ദിവസം തളളിനീക്കിയപ്പോഴാണ് ദൈവദൂതരായി കേരള പോലീസ് എത്തിയത്.

നിര്‍ധന കുടുംബാംഗമായ ഇയാളെ നാട്ടിലെത്തിക്കാന്‍ നാട്ടിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ലോക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയും തിരികെയും സ്വകാര്യ വാഹനം ഓടിയെത്തുന്നത് എളുപ്പമല്ല. ആവശ്യം മനസ്സിലാക്കിയ ആലക്കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിജു.പി യാത്രാനുമതി ലഭിക്കുന്നതിനായി ജനമൈത്രി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു. പിന്നെയെല്ലാം അതിവേഗം. രോഗിയുടെ ബുദ്ധിമുട്ടറിഞ്ഞ ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഐ.ജി എസ്.ശ്രീജിത്ത് വാഹനത്തിന്‍റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി ബുധനാഴ്ച ഉച്ചയ്ക്ക് ലഭിച്ച അപേക്ഷ പ്രകാരം വൈകുന്നേരം നാലു മണിക്ക് യാത്രാപാസ് അനുവദിച്ചു. മാത്രമല്ല യാത്രയിലുടനീളം ഒരു തടസവും വരാതിരിക്കാനായി എല്ലാ ജില്ലകളിലേയ്ക്കും ജനമൈത്രി ഡയറക്ടറേറ്റില്‍ നിന്ന് ഇവരുടെ വാഹന നമ്പര്‍ ഉള്‍പ്പെടുത്തി ശബ്ദസന്ദേശം നല്‍കുകയും ചെയ്തു.

ആലക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവജന സംഘടനാ പ്രവര്‍ത്തകരായ മെജോ.യു.ജെ, മിഥുന്‍.സി എന്നിവരാണ് ഒരു രാത്രി കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തി രോഗിയേയും സഹോദരനെയും പിറ്റേദിവസം വീട്ടിലെത്തിച്ചത്. രാത്രി ഏഴ് മണിക്ക് ആലക്കോട് നിന്ന് തിരിച്ച ഇവരുടെ വാഹനം ഓരോ ചെക്കിംഗ് പോയിന്‍റിലും പോലീസ് സംരക്ഷണം ഉറപ്പാക്കിയാണ് കടത്തിവിട്ടത്. എന്താവശ്യത്തിനും പോലീസിനെ വിളിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ അടുത്തുളള പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടാനും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കൂടെയുളള രോഗിയും നിങ്ങളും സുരക്ഷിതമായി വീട്ടിലെത്തുംവരെ നിങ്ങളുടെയും വാഹനത്തിന്‍റെയും സംരക്ഷണം കേരള പോലീസിന്‍റെ ഡ്യൂട്ടിയാണ് , ഞങ്ങള്‍ ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ഓരോ സ്ഥലത്തു നിന്നും പോലീസ് ഹൃദ്യമായി കടത്തിവിട്ടത്. ഇത്രയും ജോലിഭാരവും തിരക്കുമുളള കോവിഡ് കാലത്ത് പോലീസിന്‍റെ ക്ഷമയും ജാഗ്രതയും സഹകരണവും എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് ഡ്രൈവര്‍ മെജോ പിന്നീട് ഫെയ്സ് ബുക്കില്‍ കുറിച്ചു.

സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ച് നിരാശരായി ഉളളുനീറിക്കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനാണ് ജനമൈത്രി പോലീസിന്‍റെ ജാഗ്രത തുണയായത്.

Related News