കളക്ടര്‍ നേരിട്ട് വിളിച്ചുചോദിക്കും; പരാതിക്കിനിയിടമില്ല

  • 08/04/2020

കളക്ടര്‍ നേരിട്ട് വിളിച്ചുചോദിക്കും; പരാതിക്കിനിയിടമില്ല
'അമ്മാ, നിങ്ങള്‍ക്കൊക്കെ ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ കിട്ടുന്നതില്‍ ചില പരാതികള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടോ എന്ന് ഞാന്‍തന്നെ വിളിച്ചു ചോദിക്കാം. ട്രൈബല്‍ പ്രോമോട്ടറോടും അവയെല്ലാം എത്തിച്ചോ എന്ന് വിളിച്ച് അന്വേഷിക്കും' ഇങ്ങനെ പറഞ്ഞ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫോണ്‍ നമ്പരുകള്‍ ചോദിച്ചുവാങ്ങുമ്പോള്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചാത്തിലെ പൊടിയം പട്ടികവര്‍ഗ കോളനി നിവാസികളില്‍ പ്രായഭേദമെന്യേ എല്ലാവരുടെയും മുഖത്ത് സന്തോഷം പ്രതിഫലിച്ചു. നന്ദിസൂചകമായി ചിലര്‍ അവരുടെ ഊരുകളിലേക്ക് കളക്ടറെ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗ മേഖലയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ജില്ലാ കളക്ടര്‍ പരിശോധനയ്ക്കായെത്തിയത്. അരിയും പലവ്യഞ്ജനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറികള്‍, മസാലപ്പൊടികള്‍ എന്നിവ ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അത് പരിഹരിക്കുന്നതിന് ട്രൈബല്‍ പ്രൊമോട്ടര്‍ ഊരുകളില്‍ ചെന്ന് ഓരോ വിട്ടിലും എന്തൊക്കെയാണ് ലഭിക്കേണ്ടതെന്ന് ചോദിച്ചറിഞ്ഞ് അവ എത്തിച്ച് കൊടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അടുത്തദിവസങ്ങളിലേക്ക് എന്തെങ്കിലും വേണ്ടതുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പണം കൊടുത്ത് വാങ്ങാനാകാത്തവര്‍ക്ക് അത് സൗജന്യമായി എത്തുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കോവിഡ് രോഗപ്പകര്‍ച്ച പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്കൗട്ട് അവസാനിക്കുന്നതുവരെ ഊരുവിട്ട് ആരും പുറത്തേക്ക് പോകാന്‍ പാടില്ലെന്ന് കളക്ടര്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അടിയന്തര വൈദ്യസഹായം പോലുള്ള ആവശ്യങ്ങള്‍ക്ക് വനംവകുപ്പിന്റെയോ പട്ടികവര്‍ഗ വികസന വകുപ്പിന്റെ വാഹനം അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ള സര്‍ക്കാരിന്റ പതിനേഴിനങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങള്‍ക്കും എത്തിച്ചു നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങിയ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് രണ്ടു ദിവസം കൂടുമ്പോള്‍ എത്തി പരിശോധന നടത്തുന്നുണ്ട്.
കെ.ശബരിനാഥന്‍ എംഎല്‍എ, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ ജനപ്രതിനിധികളും കളക്ടറോട് അഭിപ്രായങ്ങള്‍ പങ്കുവച്ചു. പ്രദേശവാസികളില്‍ നിന്നും ശേഖരിച്ച വനവിഭവങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കേന്ദ്രവും കളക്ടര്‍ സന്ദര്‍ശിച്ചു.
കുറ്റിച്ചല്‍ പഞ്ചായത്തില്‍ മുക്കോത്തിവയല്‍, പൊടിയം തുടങ്ങിയ പട്ടികവര്‍ഗ കോളനികളിലെ 27 ഊരുകളിലായി 586 കുടുംബങ്ങളിലെ 1659 പേരാണ് വസിക്കുന്നുണ്ട്. വനംവകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ പേപ്പാറ റേഞ്ചില്‍ അഗസ്ത്യാര്‍കൂടം ചെക്ക്‌പോസ്റ്റുകഴിഞ്ഞ് വനത്തിന് എട്ട് കിലോമീറ്ററിനുള്ളിലായാണ് പൊടിയം പട്ടികവര്‍ഗ കോളനി സ്ഥിതിചെയ്യുന്നത്.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രദേശത്ത് മൂന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാരാണ് ഇവരുടെ ദൈനംദിന ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറുപത് കഴിഞ്ഞവര്‍ക്ക് അഞ്ചിന പോഷകകിറ്റ്

കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അറുപത് വയസ്സുകഴിഞ്ഞ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഓരോ വ്യക്തിക്കും അഞ്ച് ഭക്ഷ്യ ഇനങ്ങള്‍ അടങ്ങിയ പോഷക കിറ്റ്. പദ്ധതിക്ക് തുടക്കമിട്ട് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പൊടിയം പട്ടികവര്‍ഗ മേഖലയിലെ ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലെത്തി പോഷക കിറ്റ് വിതരണം ചെയ്തു. പട്ടികവര്‍ഗ വികസന വകുപ്പു ഒരിക്കിയിരിക്കുന്ന കിറ്റില്‍ മൂന്ന് കിലോ ഗോതമ്പ്നുറുക്ക്, അര കിലോ വീതം ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, എണ്ണ എന്നീ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജില്ലയിലെ 3078 ഗുണഭോക്താക്കള്‍ക്ക് ഇത് ലഭിക്കും. വിതുര, നന്ദിയോട്, പാലോട്, അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം, പാങ്ങോട്, പൊഴിയൂര്‍, തൊളിക്കോട് തുടങ്ങിയ എല്ലാ പട്ടികവര്‍ഗ മേഖലയിലെയും അറുപത് വയസ്സുകഴിഞ്ഞവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Related News