സംസ്ഥാനമൊട്ടാകെ നിലവില്‍ 17646 ക്യാമ്പുകളിലായി 328076 അതിഥി തൊഴിലാളികള്‍

  • 08/04/2020

ഇന്നലെ (08.04.2020) സംസ്ഥാനമൊട്ടാകെ നിലവില്‍ 17646 ക്യാമ്പുകളിലായി 328076 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്തമാക്കി. ഇവര്‍ക്ക് ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ (08.04.2020) വരെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 391 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തിയതായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാല്‍ അറിയിച്ചു . തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്.ജില്ലാ ഭരണസംവിദാനം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 07.04.2020 വരെ ലഭിച്ച 3760 പരാതികളും 08.04.2020 വൈകുന്നേരം മൂന്നു മണി വരെ ലഭിച്ച 710 പരാതികളുമടക്കം ആകെ 4470 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികളേറെയും ഭക്ഷണദൗര്‍ലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത് ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്‍കി പരിഹരിച്ചിട്ടുണ്ട്.

Related News