"ചികിത്സ നിഷേധിച്ചു"; കൊവിഡ് മുക്തയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

  • 27/09/2020

മലപ്പുറത്ത് കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മൂന്ന് ആശുപത്രികളാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു.

കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ 20 കാരിക്കാണ് ഈ ദാരുണാനുഭവം. ഇന്നലെ പുലര്‍ച്ചെ നാലിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് വൈകിട്ട് ആറ് മണിക്കാണ് ചികിത്സ ലഭിക്കുന്നത്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി. എന്നാല്‍, ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങള്‍ മരിച്ചു.

കൊവിഡ് നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് നെഗറ്റീവ് ആയത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ചികിത്സ നല്‍കൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു.

Related News