പ്രവാസികള്‍ക്ക് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നൽകി; മലപ്പുറം വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ

  • 29/09/2020

പ്രവാസികള്‍ക്ക് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി മലപ്പുറം വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പൊസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയി പ്രവര്‍ത്തിക്കുന്ന മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് 2500 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയും ഇതില്‍ 490 പേരുടെ സ്വാബ് മാത്രം മൈക്രോ ലാബിന് അയച്ച് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു, ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ സൗദിയിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയി.

ഇവരുടെ പരാതിയില്‍ അര്‍മ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഒരാളില്‍ നിന്ന് 2250 രൂപയാണ് അര്‍മ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45ലക്ഷത്തിലേറെ രൂപയാണ്. സംസ്ഥാനത്താദ്യം കൊവിഡ് ടെസ്റ്റിന് ഐസിഎംആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്.

Related News