കോവിഡ് 19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റിന്റെ ആരോഗ്യപരിപാലന ശ്രമങ്ങളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.നിലവിലുള്ള റെയിൽവേ ആശുപത്രികളെ കോവിഡ് 19 ആവശ്യങ്ങൾക്കായി സജ്ജമാക്കുക, അടിയന്തിരഘട്ടങ്ങളെ നേരിടാനായി ആശുപത്രികിടക്കകൾ വകമാറ്റുക , കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുക, യാത്രകോച്ചുകളെ ഐസൊലേഷൻ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക, വൈദ്യോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ തദ്ദേശീയമായി ഉത്പാദിപ്പിക്കുക തുടങ്ങി ഒട്ടനവധി നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്.
കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ ഭാഗമായി, ഇന്ത്യ ഗവണ്മെന്റ് ആരോഗ്യപാലന രംഗത്ത് നടത്തുന്ന ശ്രമങ്ങളെ സഹായിക്കാൻ, റയിൽവെയുടെ ആരോഗ്യവിഭാഗം സജ്ജമായിക്കൊണ്ടിയിരിക്കുകയാണ്. രാജ്യത്തുടനീളമായി, 586 ആരോഗ്യയൂണിറ്റുകൾ, 45 സബ് ഡിവിഷണൽ ആശുപത്രികൾ, 56 ഡിവിഷണൽ ആശുപത്രികൾ, 8 നിർമ്മാണ യൂണിറ്റ് ആശുപത്രികൾ, 16 സോണൽ ആശുപത്രികൾ എന്നിവ റയിൽവെയുടെ കീഴിലുണ്ട്. ഈ സൗകര്യങ്ങളുടെ സിംഹഭാഗവും ഇനി കൊറോണ വൈറസിനെതിരായ പോരാട്ടത്തിനാവും ഉപയോഗപ്പെടുത്തുക.
2546 ഡോക്ടർമാർ, 35,153 നേഴ്സിങ്, ഫാർമസിസ്റ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സഹായതോടെ, കോവിഡ് 19 പോരാട്ടത്തിന്റെ ഭാഗമായുള്ള ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ റെയിൽവേ സജ്ജമാണ്. മാത്രമല്ല, പുതിയൊരു നടപടിയിലൂടെ, റയിൽവെയുടെ ആരോഗ്യസേവനങ്ങൾ ഇനിമുതൽ എല്ലാ കേന്ദ്രഗവൺമെൻറ് ജീവനക്കാർക്കും രാജ്യത്തെവിടെയും ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ സ്വീകരിച്ച നടപടികൾ താഴെ പറയുന്നു:
1) ഐസൊലേഷൻ അല്ലെങ്കിൽ ക്വാറന്റീൻ സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനായി ട്രെയിൻ കോച്ചുകൾക്ക് രൂപമാറ്റം വരുത്തി: ഐസൊലേഷൻ അല്ലെങ്കിൽ ക്വാറന്റീൻ സൗകര്യമുള്ള 80,000 കിടക്കകൾ തയ്യാറാക്കുന്നതിനായി, ഇത്തരത്തിൽ 5000 കോച്ചുകൾക്കാന് റെയിൽവേ രൂപമാറ്റം വരുത്തുന്നത്. സോണൽ റയിൽവെയുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതുവരെ ഇത്തരത്തിൽ 3,250 കോച്ചുകൾക്ക് രൂപമാറ്റം വരുത്തിക്കഴിഞ്ഞു.
2) കോവിഡ് രോഗബാധിതർക്ക് ഉപയോഗിയ്ക്കാനായി 5000 കിടക്കകൾ കണ്ടെത്തി: രാജ്യത്തെ 17 സമർപ്പിത ആശുപത്രികളിലും, 33 ആശുപത്രി ബ്ലോക്കുകളിലുമായി 5000 ത്തോളം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. ഇത് ലക്ഷ്യമിട്ട് ഈ ആശുപത്രികളെയും, ബ്ലോക്കുകളെയും സജ്ജമാക്കി വരികെയാണ്.
3) 11,000 ക്വാറന്റീൻ കിടക്കകൾ: ഇന്ത്യൻ റയിൽവെയുടെ കീഴിൽ രാജ്യത്തുടനീളമുള്ള സംവിധാനങ്ങളിൽ കോവിഡ് പ്രതിരോധത്തിനായി 11,000 ക്വാറന്റീൻ കിടക്കകൾ ലഭ്യമാക്കിയിട്ടുണ്ട്.
4) വൈദ്യോപകരണങ്ങൾ, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ (PPE), വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത: കോവിഡിനെതിരായ പോരാട്ടത്തിൽ വൈദ്യോപകരണങ്ങൾ, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ (PPE), വെന്റിലേറ്ററുകൾ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, ഇവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യത്തെ വിവിധ റെയിൽവേ സോണുകളും, നിർമ്മാണ യൂണിറ്റുകളും നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.
5) വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ (PPE) തദ്ദേശീയമായ ഉത്പാദനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചുകഴിഞ്ഞു: ദിവസേനെ 1000 PPE-കൾ നിർമ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ. ഭാവിയിൽ ഇത് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
6) റയിൽവേ ആരോഗ്യസേവനങ്ങൾ ഇനിമുതൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും ലഭ്യമാകും: റെയിൽവേ ആരോഗ്യ സേവനങ്ങൾ, എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും രാജ്യത്തുടനീളം ലഭ്യമാക്കി. റയിൽവെയുടെ ആശുപത്രികളിലോ, ആരോഗ്യ കേന്ദ്രങ്ങളിലോ തങ്ങളുടെ ഐഡന്റിറ്റി കാർഡ് കാണിച്ച ജീവനക്കാർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?