സൗജന്യ ഭക്ഷ്യ കിറ്റിൻ്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു.

  • 09/04/2020

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിൻ്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു. കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ രണ്ടു പേർക്ക് കിറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. എ.എ.വൈ കാർഡുടമകളായ പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്കാണ് ഈ ഘട്ടത്തിൽ ഭക്ഷ്യ കിറ്റ് നൽകുന്നത്. പാറ്റാംപാറ ആദിവാസി കോളനി നെടുമങ്ങാട് കൊടിയ മല ആദിവാസി കോളനി തുടങ്ങി വനത്തിനുള്ളിലുള്ള പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ പട്ടികവർഗ്ഗകാർക്ക് 5225 ഭക്ഷ്യ കിറ്റുകളാണ് നൽകുന്നത്.

പട്ടികവർഗ്ഗത്തിൽപ്പെടാത്ത എ.എ.വൈ കാർഡുടമകൾക്ക് റേഷൻ കടകളിൽ നിന്ന് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കും. .പഞ്ചസാര , ചായപ്പൊടി , ഉപ്പ് , ചെറുപയർ , കടല , വെളിച്ചെണ്ണ, ആട്ട , റവ , മുളകുപൊടി , മല്ലിപ്പൊടി , പരിപ്പ് , മഞ്ഞൾപ്പൊടി , ഉലുവ , കടുക് , സോപ്പ് , സൺ ഫ്ലവർ ഓയിൽ , ഉഴുന്ന് എന്നിങ്ങനെ 17 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. മറ്റ് കാർഡുടമകൾക്കുള്ള കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെ.എസ്. ശബരിനാഥൻ എം.എൽ.എ. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ, പഞ്ചായത്തംഗങ്ങൾ , സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related News