കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റ് വാർ റൂം

  • 09/04/2020

അന്തർ സംസ്ഥാന ചരക്ക് നീക്കം പ്രധാന ചുമതല
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റിലെ വാർ റൂം. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടൽ തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് വാർ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പരാതികൾക്ക് ഇടനൽകാതെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകരാമാണ് വാർ റൂം സജ്ജീകരിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ്, ന്യൂസ് മോണിറ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാൾ സെന്ററും വാർ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്
അന്തർ സംസ്ഥാന ചരക്കു നീക്കം സുഗമാക്കിയത് വാർ റൂമിന്റെ ചിട്ടയായ പ്രവർത്തനമാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ദിവസം 500 ലോഡുകളായി കുറഞ്ഞ ചരക്കു വാഹനങ്ങൾ ഇപ്പേൾ 2500 ഓളം ലോഡുകളായി. ഇതര സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥരുമായി നേരിട്ടും വാട്സ് ആപ്പ് വഴിയും ബന്ധപ്പെട്ടാണ് ചരക്ക് നീക്കം സുഗമമാക്കിയത്. ഒപ്പം മറ്റു സ്ഥാങ്ങളിൽ കുടുങ്ങിയ ട്രക്ക് ഡ്രൈവർമാരെ നാട്ടിലെത്തിക്കാനും സഹായകമായി. മൊത്ത വിതരണക്കാരുമായി ദിവസവും ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്റ്റോക്കുള്ള അവശ്യ വസ്തുക്കളുടെ കണക്ക് ശേഖരിക്കുകയും കുറവുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കുന്നതും വാർ റൂമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കർഷകരും മൊത്ത കച്ചവടക്കാരുമായി നേരിട്ട് സംസാരിച്ചാണ് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും സമാന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ കഴിയുന്ന വിധത്തിലാണ് വാർറൂം സജ്ജീകരിച്ചിരിക്കുന്നതെന്ന് ചുമതല വഹിക്കുന്ന പൊതുഭരണ വകുപ്പ്് പ്രിൻസിപ്പൾ സെക്രട്ടറി കെ ആർ ജ്യോതിലാൽ പറഞ്ഞു. അന്തർ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വാർ റൂം കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അപ്പോൾ തന്നെ താഴെതട്ടിൽ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്കാവശ്യമായ സാഹയങ്ങളും വാർ റൂം വഴി ലഭ്യമാക്കുന്നുണ്ട്്. ഐ എഫ് എസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിദേശത്ത് കഴിയുന്ന മലയാളികൾക്ക് സഹായമൊരുക്കുന്നതിനും പ്രവർത്തനങ്ങൾ നടക്കുന്നു.
പോലീസ്, അഗ്‌നിരക്ഷാ സേന, ഗതാഗതം, തദ്ദേശ സ്വയംഭരണം, റവന്യൂ, തൊഴിൽ, ആരോഗ്യം, ഭക്ഷ്യപൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ പ്രത്യക ഡെസ്‌കുകൾ വാർ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. പോർട്ട് സെക്രട്ടറി സഞ്ജയ് കൗളിനാണ് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്മെൻറിന്റെയും മൊത്തത്തിലുള്ള ചുമതല. എസ് കാർത്തികേയൻ, പി.ആർ പ്രേം കുമാർ, എ. കൗശികൻ, പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു, ഹരിത വി. കുമാർ, ജോഷി മൃൺമയി ശശാങ്ക്, കെ. ഇമ്പശേഖർ, പി.ഐ. ശ്രീവിദ്യ, എസ്. ചന്ദ്രശേഖർ, എന്നിവരുടെ മേൽ നോട്ടത്തിലാണ് വിവിധ ഷിഫ്്റ്റുകളിലായി വാർ റൂം പ്രവർത്തിക്കുന്നത്. 0471-2517225, 2781100, 2781101 എന്നീ നമ്പറുകളിൽ വാർ റൂമുമായി ബന്ധപ്പെടാം.

Related News