തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്.സി. ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുണ്ട്. ഇതു കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാന തല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96 ശതമാനം പോയിന്റുകള്‍ നേടി. ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്ക് വെയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7 ശതമാനം പോയിന്റുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. 12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.
സര്‍വ്വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് 3 വര്‍ഷകാലാവധിയാണ് ഉളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?