കൊറോണ ഡ്യൂട്ടി നേഴ്സുമാരിൽ നിന്നും ഭക്ഷണത്തിന് തുക ഈടാക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധം

  • 10/04/2020

തിരുവനന്തപുരം: ഹോസ്റ്റലുകളിൽ താമസിക്കുന്ന കൊറോണ ഡ്യൂട്ടിയിലുള്ള നേഴ്സുമാർക്കും മറ്റും ഭക്ഷണത്തിന് ഒരു ദിവസം 120 രൂപ ഈടാക്കുന്നുവെന്ന ചാനൽ വാർത്ത യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നേഴ്സുമാർക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം ലഭ്യമാക്കുകയും താമസസ്ഥലത്തു തന്നെ ആഹാരം കഴിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെൻസ് ഹോസ്റ്റലിൽ കൊറോണ ഡ്യൂട്ടിക്കാർ താമസിക്കുന്നത് രണ്ടാം ബ്ലോക്ക് ഹോസ്റ്റലിലാണ്. ഇതിനടുത്തുള്ള ഒന്നാം നമ്പർ ബ്ലോക്കിൽ ഹൗസ് സർജന്മാർക്കും വിദ്യാർത്ഥികൾക്കു മുള്ള മെസ് കാലങ്ങളായി പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളുടെ തന്നെ മേൽനോട്ടത്തിലാണ് മെസ് പ്രവർത്തിക്കുന്നത്. നേഴ്സുമാർ ഈ മെസിൽ നിന്നും ഭക്ഷണം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനാൽ മെസിലെ ഭക്ഷണം ആവശ്യമുള്ളവർ സൗജന്യഭക്ഷണം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കണമെന്നും മെസിൽ ഒരു ദിവസം ഭക്ഷണം കഴിക്കാൻ 120 രൂപ നൽകണമെന്നുമുള്ള നിബന്ധന വച്ചിരുന്നു. ഹൗസ് സർജന്മാരിൽ നിന്ന് ഒരു ദിവസത്തെ ഭക്ഷണത്തിന് 150 രൂപയാണ് ഈടാക്കുന്നത്. 30 രൂപ കുറവു വരുത്തിയാണ് നേഴ്സുമാർക്ക് ഭക്ഷണം നൽകുന്നത്. എന്നാൽ സൗജന്യ ഭക്ഷണം വേണമോ മെസിലെ ഭക്ഷണം വേണമോയെന്നത് ജീവനക്കാർക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഇതു പ്രകാരം സൗജന്യ ഭക്ഷണം തെരഞ്ഞെടുത്തവരും മെസിലെ ഭക്ഷണം തെരഞ്ഞെടുത്തവരും ഹോസ്റ്റലിലുണ്ട്. യാഥാർത്ഥ്യം ഇതായിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് ഒരു ചാനലിൽ വന്നത്. താമസ സൗകര്യത്തെക്കുറിച്ചോ ആഹാരം നൽകുന്നതു സംബന്ധിച്ചോ ജീവനക്കാർ യാതൊരു പരാതിയും മെഡിക്കൽ കോളേജ് അധികൃതർക്ക് നൽകിയിട്ടുമില്ലെന്ന് മെൻസ് ഹോസ്റ്റൽ വാർഡൻ ഇൻ ചാർജ് ഡോ കെ പി ജയപ്രകാശൻ അറിയിച്ചു.

Related News