കൊറോണക്കാലത്ത് ജയിൽ വകുപ്പിന് തുണയായി വീഡിയോ കോൺഫറൻസിംഗ്

  • 10/04/2020

കൊറോണ കാലത്ത് ജയിൽ വകുപ്പിനെയും ജുഡീഷ്യറിയെയും ഏറ്റവുമധികം സഹായിച്ചത് വീഡിയോ കോൺഫറൻസിംഗ് സംവിധാനം. വീഡിയോ കോൺഫറൻസിംഗിലൂടെ മാത്രം മാർച്ച് 26 മുതലുളള 12 ദിവസങ്ങളിലെ കൊറോണ വ്യാപനത്തിന്റെ കാലഘട്ടത്തിൽ കേരളത്തിലെ ജയിൽ സ്ഥാപനങ്ങളിൽ നിന്നായി 959 പ്രതികളെയാണ് ഹാജരാക്കിയത്. വീട്ടിൽ നിന്നും ഡ്യൂട്ടി നിർവഹിച്ച ജുഡീഷ്യൽ ഓഫീസർമാർക്കു വലിയ സഹായമായിത്തീർന്ന പീപ്പിൾലിംഗ് വഴി സ്മാർട്ട് ഫോൺ ഉപയോഗിച്ച് 1270 പ്രതികൾ കഴിഞ്ഞ ദിവസങ്ങളിലായി വീഡിയോ കോൺഫറൻസിംഗ് മുഖാന്തിരം ഹാജരാക്കി. ഏറ്റവുമധികം പ്രതികളെ ഇത്തരത്തിൽ ഹാജരാക്കിയത് ജില്ലാ ജയിലുകളായ പാലക്കാട് 204, കോഴിക്കോട് 195 എന്നീ സ്ഥാപനങ്ങളാണ്. വാട്ട്സാപ്പ് വഴിപോലും മൊബൈലുകൾ വഴി 394 പ്രതികളെയാണ് ഹാജരാക്കപ്പെട്ടത്. ഇത്തരത്തിൽ 12 ദിവസങ്ങളിൽ വീഡിയോ കോൺഫറൻസിംഗ് സാങ്കേതിക ഉപയോഗിച്ച് 2629 പ്രതികൾ ഹാജരാക്കപ്പെട്ടു.
പ്രതികളെ കോടതികളിൽ നേരിട്ട് ഹാജരാക്കണമെന്ന നിയമപരമായ കീഴ്വഴക്കത്തിൽ നിന്നും വലിയതോതിൽ മാറ്റം വരുത്താനായിരുന്നു ബഹു. മുഖ്യമന്ത്രി ജനുവരി 10ന് ഉദ്ഘാടനം നിർവഹിച്ച ഈ സംവിധാനം. ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കാനുദ്ദേശിച്ച പദ്ധതി അഞ്ചു ജില്ലകളിൽ പൂർണ്ണ സജ്ജമാക്കി. ബാക്കി ഒൻപതു ജില്ലകളിലെ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയിലുണ്ടായ കോവിഡ് രോഗ ഭീഷണി തടസ്സം സൃഷ്ടിച്ചു. എങ്കിലും സംവിധാനം നിലവിലുളള അഞ്ചു ജില്ലകളിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് പരസ്പരം കോൺഫറൻസ് നടത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയിൽവകുപ്പിന് നൽകിയ ഉത്തരവിൽ പരമാവധി വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അത്തരം സൗകര്യങ്ങളില്ലാത്തിടങ്ങളിൽ വീഡിയോ (എൻ.ഐ.സിയുടെ വീഡിയോ കോൺഫറൻസ് സോഫ്റ്റ് വെയർ) എന്ന സംവിധാനമുപയോഗപ്പെടുത്തി കമ്പ്യൂട്ടർ - ലാപ്പ്‌ടോപ്പ് - മൊബൈൽ ഫോൺ വഴി തടവുകാരെ ഹാജരാക്കണമെന്നറിയിച്ചിരുന്നു. കേരളത്തിൽ പീപ്പിൾലിംഗിന്റെ വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ മൊബൈൽ ആപ്പ് ഉപയോഗിച്ചും അതിനുളള യൂസർ ഐ.ഡിയും പാസ് വേഡും തയ്യാറാക്കി കേരളത്തിലെ എല്ലാ ജുഡീഷ്യൽ ഓഫീസർമാർക്കും ജയിൽ സ്ഥാപനങ്ങൾക്കും വിതരണം ചെയ്തും പ്രിസൺ ഹെഡ്‌ക്വോർട്ടേഴ്‌സിലെ ടെക്‌നിക്കൽ സെൽ ആവശ്യമായ പരിശീലനവും ഏകോപനവും നിരീക്ഷണവും നിർവഹിച്ചിരുന്നു. തടവുകാരെ ഹാജരാക്കുകമാത്രമല്ല ഭാവിൽ വിചാരണ ഉൾപ്പെടെയുളള കോടതി നടപടികൾ നിർവ്വഹിക്കാനും ജയിലുകളും കോടതികളും ജുഡീഷ്യൽ ഓഫീസർമാരും തമ്മിലുളള ഇടപെടലുകൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാനും കൊറോണ കാലത്തെ അനുഭവും സഹായമായിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് ഋഷിരാജ് സിംഗ് അറിയിച്ചു. നാട്ടിലെ പൊതുസംവിധാനം വെല്ലുവിളി നേരിടുമ്പോൾ കേരളത്തിലെ ജയിൽ വകുപ്പ് സാങ്കേതിക സൗകര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയത് വിപ്ലവകരമായ ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

Related News