പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദേവയാനി

  • 10/04/2020

ഭർത്താവിന്റെ മരണശേഷം മകന്റെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന തൃശൂർ ചേർപ്പ് കിഴുപ്പിള്ളിക്കര ചെമ്പാപ്പുള്ളി ചാത്തന്റെ ഭാര്യ ദേവയാനിയെ സംബന്ധിച്ച് രണ്ട് മാസത്തെ വിധവാ പെൻഷൻ 2400 രൂപ ചെറിയ തുകയല്ല. പക്ഷെ ഈ മഹാമാരിയുടെ ദുരിതകാലത്തും നാടിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന ജാഗ്രത കാണുമ്പോൾ തന്നാലായത് ചെയ്യണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു.

ദുരിതാശ്വാസ നിധിയിലേയ്‌ക്ക് എല്ലാവരും സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന കേട്ട ഉടനെ തീരുമാനിച്ചതാണ് തന്റെ രണ്ടു മാസത്തെ പെൻഷൻ തുക സംഭാവന നൽകണമെന്ന്. ലോക്ക്ഡൗൺ കാലത്ത് ആദ്യ ഘഡുവായി ലഭിച്ച പെൻഷൻ തുക താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് വഴി ദേവയാനി ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചുകൊടുത്തു.

കർഷകത്തൊഴിലാളിയായിരുന്ന 69 വയസ്സുകാരി ദേവയാനി ചായക്കടയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഇളയ മകന്റെ കൂടെ അഞ്ചു സെന്റ്‌ ഭൂമിയിൽ സർക്കാർ പണിതുനൽകിയ വീട്ടിലാണ് താമസിക്കുന്നത്. മഹാ ദുരിതകാലത്ത് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ അതീവ ശ്രദ്ധ കാണിക്കുന്ന സർക്കാരിനൊപ്പം ചേർന്നുനിൽക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദേവയാനി.

Related News