കോവിഡ്‌ 19 നെതിരായ പോരാട്ടത്തിൽ രണ്ടായിരത്തോളം എൻ‌സി‌സി കേഡറ്റുകൾ‌ കർമരംഗത്ത് . അരലക്ഷത്തിലേറെ കേഡറ്റുകൾ പങ്കാളിത്തം വഹിക്കാൻ സന്നദ്ധത അറിയിച്ചു

  • 11/04/2020

ന്യൂഡൽഹി : നാഷണൽ കേഡറ്റ് കോർപ്‌സ്‌ (എൻ‌സി‌സി) പ്രവർത്തകർ 2020 ഏപ്രിൽ 01 മുതൽ കോവിഡ് 19 പകർച്ച വ്യാധിക്കെതിരായി വിവിധ ഭരണകൂടങ്ങളുമായി തോളോടു തോൾ ചേർന്ന്‌ പോരാടുകയാണ്‌. പൊതുഭരണ, പ്രതിരോധ, പൊലീസ്‌ വിഭാഗങ്ങളുമായി ചേർന്ന്‌ ‘എൻസിസി യോഗ്‌ദാൻ സന്നദ്ധപ്രവർത്തന’ത്തിന്റെ ഭാഗമായാണ്‌ സേവനം. ഇതിനകം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ടായിരം എൻസിസി കേഡറ്റുകളെ നിയോഗിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതൽ പേർ തമിഴ്‌നാട്ടിലാണ്‌. അവിടെ 306 പേർ വിവിധ മേഖലകളിലായി ചുമതലകൾ നിർവഹിക്കുകയാണ്‌.

ലോക്‌ ഡൗൺ തുടരുന്നതിനിടെ, കൂടുതൽ കൂടുതൽ സംസ്ഥാനങ്ങൾ വിവിധ ഉദ്യമങ്ങളിലേക്കായി എൻ‌സി‌സി കേഡറ്റുകളുടെ സേവനം അഭ്യർത്ഥിക്കുകയാണ്. എൻസിസി ഡയറക്ടറേറ്റ് ജനറൽ കൂടുതൽ എൻ‌സി‌സി കേഡറ്റുകളുടെ സന്നദ്ധസേവനം ക്ഷണിച്ചിട്ടുണ്ട്‌. 50,000 ത്തോളം കേഡറ്റുകൾ ഇതുവരെ ‘എൻ‌സി‌സി യോഗദാൻ’ വഴി സേവനം ചെയ്യാൻ സന്നദ്ധരായിട്ടുണ്ട്‌.

18 വയസിനു മുകളിലുള്ള കേഡറ്റുകളെ സീനിയർ ഡിവിഷൻ (ആൺകുട്ടികൾ) സീനിയർ വിംഗ് (പെൺകുട്ടികൾ) എന്നിങ്ങനെ വിവിധ ചുമതലകൾക്കായി നിയമിക്കപ്പെടുന്നു. നിയോഗിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശീലനം നൽകുകയും ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചു നൽകുകയും ചെയ്യുന്നു.

സംസ്ഥാന ഭരണകൂടങ്ങൾ എല്ലാ കേഡറ്റുകൾക്കും വിന്യാസസമയത്ത് തന്നെ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓഫീസർമാർ, ജൂനിയർ കമീഷൻഡ് ഓഫീസർമാർ, പി‌ ഐ സ്റ്റാഫ്, എൻ‌സി‌സിയുടെ എഎൻഒ എന്നിവരുടെ മേൽനോട്ടത്തിലാണ് കേഡറ്റുകൾ സേവനം ചെയ്യുന്നത്. അതത് സംസ്ഥാന സർക്കാരുകൾ അതിതീവ്ര രോഗ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഇവരെ നിയോഗിക്കുന്നില്ല.

കേഡറ്റുകളെ പ്രധാനമായും ഗതാഗതനിയന്ത്രണം, അവശ്യ സാധനസാമഗ്രികളുടെ വിതരണം, ഭക്ഷ്യവസ്‌തുക്കളുടെ തയാറാക്കലും പാക്കിങും അവശ്യഘട്ടങ്ങളിൽ വിതരണവും, ക്യൂ പരിപാലനം, സാമൂഹ്യ അകലം പാലിക്കൽ, കൺട്രോൾ സെന്ററുകളുടെ നിയന്ത്രണം, സിസിടിവി നിയന്ത്രണം തുടങ്ങിയ ചുമതലകളിലാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഇതിനുപുറമെ, കോവിഡ് 19 നെതിരായ സന്ദേശങ്ങൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സന്ദേശങ്ങൾ അയച്ചുകൊണ്ട് ബോധവൽക്കരണത്തിലും എൻസിസി കേഡറ്റുകൾ പങ്കാളികളാവുന്നു.

Related News