തിരുവനന്തപുരം: കൊറോണ വാർഡിലെ രോഗികൾക്ക് ഭക്ഷണച്ചെലവ് നൽകാൻ തയ്യാറായി വന്നവരിൽ ചിലർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആശുപത്രി അധികൃതർക്കെതിരെ തിരിയുന്നത് ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. ആശുപത്രിയിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും കൂടാതെ കേരളാ പൊലീസിന്റേതടക്കം അഞ്ചോളം സന്നദ്ധ സംഘടനകളാണ് രോഗികൾക്കും ജീവനക്കാർക്കും സൗജന്യ ഭക്ഷണം എത്തിച്ചു നൽകുന്നത്. ആരിൽ നിന്നും സാമ്പത്തിക സഹായം വാങ്ങുന്നില്ല. എന്നാൽ നാഷണൽ ക്ലബ് എന്ന സംഘടന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തപ്പോൾ അത് ഭക്ഷണമായി നൽകിയാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 14 വരെ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതു കഴിഞ്ഞ് നാഷണൽ ക്ലബിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ ഏപ്രിൽ 14 നു ശേഷം ഭക്ഷണ വിതരണത്തിന് പണപ്പിരിവ് നടത്തേണ്ടി വരുമെന്ന് സൂപ്രണ്ട് പറഞ്ഞതായുള്ള ആരോണം വസ്തുതാ വിരുദ്ധമാണ്. ജനുവരി 23 മുതൽ മാർച്ച് 30 വരെ സർക്കാരാണ് ഭക്ഷണം നൽകിയത്. 14-ാം തീയതി കഴിഞ്ഞ് ഭക്ഷണ വിതരണം നടക്കില്ലെന്നും സഹായം തുടരണമെന്ന അഭ്യർത്ഥന സൂപ്രണ്ട് നടത്തിയെന്നുമാണ് ആരോപണം. ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആരോപണമാണ്. മാത്രമല്ല, കൊറോണ ഒ പി തുറന്നതു മുതൽ ഇതുവരെ ഒരു തടസവുമില്ലാതെ മൂന്നു നേരവും ഭക്ഷണം നൽകുന്ന മറ്റു സംഘടനകളെ നിന്ദിക്കലുമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയെയും നാഷണൽ ക്ലബിനെയും ചേർത്തുവച്ച് ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത വായിച്ചാൽ തന്നെ അതിലെ ഗൂഢലക്ഷ്യം ആർക്കും മനസിലാകും. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും നടത്തി വരുന്ന ത്യാഗപൂർണമായ സേവനങ്ങളെ മറച്ചു പിടിക്കാനാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.അതേ സമയം കൊറോണ വാർഡിലേയ്ക്ക് ഭക്ഷണം നൽകാൻ ആശുപത്രി സൂപ്രണ്ടിന്റെ ആവശ്യപ്രകാരം സാമ്പത്തിക സഹായം നൽകേണ്ടി വന്നുവെന്ന ഓൺലൈൻ മാധ്യമത്തിലെ വാർത്ത ദുരുപദിഷ്ഠവും യാഥാർത്ഥ്യം വളച്ചൊടിക്കുന്നതുമാണെന്ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് കൂട്ടായ്മ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?