ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡി.ജി.പി

  • 11/04/2020

ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും അനുവദിക്കില്ല. ജനങ്ങള്‍ വീടുകളില്‍തന്നെ തുടരുകയെന്ന ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണി മുഖേനയും പ്രചരണം നടത്തണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും എപ്പോഴും സജ്ജരായിരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Related News