കൊവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം അവസാനമായി ഒന്ന് കാണാം; സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു

  • 25/10/2020

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം അവസാനമായി ബന്ധുക്കള്‍ക്ക് കാണാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്  അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരമാണ് ലഭിക്കുക. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്നാണ് ബന്ധുക്കള്‍ക്ക് കാണാന്‍ സാധിക്കുക. മരിച്ചയാളുടെ ശരീരത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് വേണം മൃതദേഹം കാണാന്‍. 

ശരീരത്തില്‍ സ്പര്‍ശിക്കാതെ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതുപോലെയുള്ള ചടങ്ങുകളും നടത്താവുന്നതാണ്. എന്നാല്‍ ഇതും നിശ്ചിത അകലത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ചെയ്യാവൂ. അന്ത്യ ചുംബനം നല്‍കാനോ, മൃതദേഹം കുളിപ്പിക്കാനോ അവസരം നല്‍കില്ല. കൂടാതെ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും മൃതദേഹവുമായി നേരിട്ട് സമ്പക്കം ഉണ്ടാകാന്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. 

മൃതദേഹം ആഴത്തില്‍ കുഴിയെടുത്തു വേണം സംസ്‌കരിക്കാന്‍. കൂടാതെ മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലത്ത് അധികം ആളുകള്‍ കൂടാന്‍ പാടില്ല. അവിടെ എത്തുന്നവര്‍ കൂട്ടം കൂടാതെ കൃത്യമായി അകലം പാലിച്ചു വേണം നില്‍ക്കാന്‍.

Related News