ഇനി മാസ്‌ക്കുകള്‍ രാഷ്ട്രീയം പറയും; ചിഹ്നങ്ങള്‍ പതിപ്പിച്ച മാസ്‌ക്കുകള്‍ വിപണിയില്‍

  • 25/10/2020

തെരഞ്ഞെടുപ്പ് കാലത്ത് മാസ്‌ക്കുകളാണ് ഇനി രാഷ്ട്രീയം പറയാന്‍ പോകുന്നത്. സാധാരണ തൊപ്പികളിലും മറ്റുമായിരുന്നു പാര്‍ട്ടികളുടെ ചിഹ്നം പതിപ്പിക്കാറെങ്കില്‍ ഇത്തവണ കേരളത്തില്‍ മാസ്‌ക്കുകളിലാണ് ഈ ചിഹ്നങ്ങള്‍ പതിക്കുന്നത്. കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും ബിജെപിയുടെയും എല്ലാം മാസ്‌ക്കുകള്‍ പ്രസ്സുകളില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും പേരുമുളള മാസ്‌ക്കുകളും നിര്‍മ്മിക്കാനുള്ള പദ്ധതി ഉണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ മാത്രമേ ഇത് സാധിക്കൂ എന്ന്  പ്രസ്സുകളിലെ തൊഴിലാളികള്‍ പറയുന്നു.  

കൊവിഡ് കാലത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍പേ മാസ്‌ക്ക് ഉണ്ടാക്കുന്നവര്‍ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നത്. രാഷ്ട്രീയ ചിഹ്നങ്ങള്‍ പതിപ്പിച്ച മാസ്‌ക്കുകളും പോസ്റ്ററുകളും പ്രസ്സുകളില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ മുഴുവന്‍. ആ സാഹചര്യത്തില്‍ പാര്‍ട്ടികളുടെ ചിഹ്നമുള്ള മാസ്‌ക്കായിരിക്കും പ്രചരണത്തിന് കൂടുതല്‍ സൗകര്യം. ഇത് മുന്നില്‍ കണ്ട് തന്നെയാണ് പ്രസ്സുകളില്‍ ഇത് തയ്യാറാക്കുന്നത്.

Related News