ഡിവൈഎഫ്‌ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷം: പികെ ഫിറോസ്

  • 25/10/2020

ഡിവൈഎഫ്‌ഐക്കെതിരെ പരിഹാസ്യവുമായി മുസ്ലീം യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ പികെ ഫിറോസ്. കെഎം ഷാജി എംഎല്‍എക്കെതിരായ പരാമര്‍ശത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ചുകൊണ്ട് പികെ ഫിറോസ് രംഗത്ത് എത്തിയിരിക്കുന്നത്. നാലരവര്‍ഷക്കാലം പ്രതികരിക്കാന്‍ ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായിട്ടും വെറും ഉണ്ണിയപ്പത്തിന് വില കൂടിയതിലും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം പ്രതികരിച്ച ഡിവൈഎഫ്‌ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം എന്നാണ് പികെ ഫിറോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന DYFI ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. 
കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജന്‍സിയുടെ മുമ്പിലും തലയില്‍ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.
ഡി.വൈ.എഫ്.ഐ നേതാവ് സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാന്‍ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ ഡി.വൈ.എഫ്.ഐ തയ്യാറുണ്ടോ?

Related News