വിമര്‍ശനത്തിനായി വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് നിരാശരാകരുത്; ആരോഗ്യ പ്രവര്‍ത്തകരോട് കെകെ ശൈലജ

  • 25/10/2020

വിമര്‍ശനത്തിനായി വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിമര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നവരും, ചെറിയ പാളിച്ചപോലും പര്‍വ്വതീകരിച്ച് ഭസ്മീകരിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടാകാം. അത്തരം ഘട്ടത്തില്‍ വീണുപോകാതെ, തിരുത്താനുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് നീങ്ങാനാണ് സാധിക്കേണ്ടത്. ആരും അമാനുഷരല്ല, എന്നാല്‍ വിമര്‍ശനത്തിനായി വിമര്‍ശ്ശിക്കുന്നവര്‍ക്ക് ചെവികൊടുത്ത്, ആരോഗ്യപ്രവര്‍ത്തകര്‍ നിരാശരായാല്‍ അത് കൊവിഡ് പ്രതിരോധത്തെ ബാധിക്കും. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ആശുപത്രിയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇനിയും വര്‍ദ്ധിച്ചാലും നേരിടാന്‍ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍  കോവിഡ് പ്രവര്‍ത്തന അവലോകനയോഗം നടത്തുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ട്രയാജിലെത്തുന്ന രോഗികള്‍ മുതല്‍ അഡ്മിഷന്‍, തുടര്‍ന്നുള്ള ചികിത്സവരെ യോഗത്തിന്റെ വിഷയമായി.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ഒരുക്കിയ വികസനമാറ്റങ്ങള്‍ മന്ത്രി യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധ മാഗനിര്‍ദ്ദേശങ്ങള്‍ ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും കര്‍ശ്ശനമായി പാലിക്കണം എന്നും അവലോകന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

Related News