രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ജീവന് ‌മേല്‍ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ് പിണറായി സര്‍ക്കാര്‍; വാളയാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

  • 26/10/2020


വാളിയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറക്കാപ്പാക്കാത്ത സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമര പന്തലിലും അദ്ദേഹം എത്തിയിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ ജീവന് മേല്‍ നെറികെട്ട രാഷ്ട്രീയമാണ് സര്‍ക്കാര്‍ കളിക്കുന്നത് എന്നതാണ് ചെന്നിത്തലയുടെ വിമര്‍ശനം. കണ്ണ് തുറക്കാത്ത ഗവണ്മെന്റ് ആണ് കേരളത്തില്‍. ഹത്രാസും വാളയാറും തമ്മില്‍ അധികം ദൂരമില്ല. രണ്ടും ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു .

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ച സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലൈംഗീക പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളില്‍ 95 ശതമാനവും അത് നേരിടുന്നത് അവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലര്‍ത്തുന്ന ബന്ധുക്കള്‍, സ്വന്തക്കാര്‍, അയല്‍വാസികള്‍, നാട്ടുകാര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലുമാണ്. വാളയാറിലെ പ്രതികള്‍ ആരെന്നും, അവര്‍ക്കെതിരെയുള്ള തെളിവുകള്‍ എന്തെന്നും വസ്തുതാപരമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞുകഴിഞ്ഞു. ഒന്‍പതും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യം മാതാപിതാക്കളുടെ മൊഴിയില്‍ തിരുകികയറ്റാന്‍ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്. പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുവന്ന സിപിഎം പ്രാദേശിക നേതൃത്ത്വത്തെ തള്ളിപ്പറയാന്‍ തയ്യാറാകാതെ, അന്വേഷണ ഉദ്യോഗസ്ഥന് ഐ പി എസ് നല്‍കി പരിപാലിച്ചു കൊണ്ട്, പ്രതികള്‍ക്ക് വേണ്ടി ഹാജരായ വക്കീലിനു ശിശുക്ഷേമ സമിതിയില്‍ നിയമനം നല്‍കിക്കൊണ്ട് ഇക്കാലമത്രയും രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ജീവന് മേല്‍ നെറികെട്ട രാഷ്ട്രീയം കളിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. 

കീഴ്‌കോടതി പ്രതികളെ വെറുതെവിടാനിടയായ സാഹചര്യം സൃഷ്ടിച്ചത് കേസ് അന്വേഷിച്ച പോലീസാണ്. ഹൈക്കോടതിയില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിക്കേണ്ടി വന്ന സര്‍ക്കാര്‍, ഇനിയും ഈ കേസിന്റെ പുനരന്വേഷണത്തിന് പഴയ പോലീസിന്റെ നടപടി ക്രമങ്ങളെയും, കണ്ടെത്തലുകളെയും ആശ്രയിക്കുന്നത് അനീതിക്ക് കുട പിടിക്കാന്‍ തന്നെയാണ്. പെണ്‍കുഞ്ഞുങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണ്. പോലീസിന്റെ സര്‍വ്വാധികാരം ഉപയോഗിച്ച് നടത്തുന്ന നീതിനിഷേധം തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിക്കലാണ്. ആ വഞ്ചനയ്‌ക്കെതിരെ ജനകീയ സമരങ്ങള്‍ നയിക്കുക എന്നത് പ്രതിപക്ഷ ധര്‍മ്മവുമാണ്. വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ നവംബര്‍ 1 UDF വഞ്ചനാദിനമായി ആചരിക്കും എന്നും ചെന്നിത്തല പറഞ്ഞു. 


Related News