'കറുത്ത കോട്ട് മാടിവിളിക്കുന്നു, അഭിഭാഷകവൃത്തി ഉപേക്ഷിക്കാത്തത് നന്നായി': ശ്രീധരന്‍ പിള്ള തിരിച്ചെത്തുമോ?

  • 26/10/2020

കറുത്ത കോട്ടിന്റെ തനിനിറം തന്നെ മാടിവിളിക്കുന്നതായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ള. ശ്രീധരന്‍ പിള്ളയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണോ ഈ വാചകങ്ങള്‍ നല്‍കുന്നത് എന്നതാണ് പലരും ഉന്നയിക്കുന്നത്. മിസോറാം ഗവര്‍ണറായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്. ഇതില്‍ തന്റെ അഭിഭാഷകവൃത്തിയില്‍ ഉണ്ടായ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. 

ഗണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നല്‍ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ? കഴിഞ്ഞ കൊല്ലം ഈ ദിവസം ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ അവസാന ഭാഗത്ത് അദ്ദേഹം എഴുതിയിരിക്കുന്നത്. 


കുറിപ്പിന്റെ പൂര്‍ണരൂപം

വർഷമൊന്നു പൂർത്തിയായി:
.............................
ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിൻ്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം !
അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി " Mizoram , now is a dumping place for Hindu fundamentalists ".
കഴിഞ്ഞ ഓഗസ്റ്റിൽ എൻ്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാർട്ടി അദ്ധ്യക്ഷനും , ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എൻ്റെ പ്രതികരണം.
മിസ്സോറാമിനു സ്നേഹം നൽകാനും അവരിൽ നിന്നു സ്നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം !.
കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എൻ്റെ മകൻ അഡ്വ: അർജ്ജുൻ്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു.
ഞാൻ പാലക്കാട്ട് പ്രതികൾക്കുവേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിൻ്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും ,വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല.
എന്നാൽ കേസ്സിൻ്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു . മിസ്സോറാമിലെ കൊടും തണുപ്പിലും എൻ്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ ! പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.
"വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം,
എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് " സാർ പറഞ്ഞപ്പോൾ എൻ്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !
ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിൻ്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിൻ്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?
കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവർക്കും നന്ദി - നമസ്കാരം

Related News