അതിഥി തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമം: ക്ഷേമമുറപ്പാക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം

  • 13/04/2020

  • അതിഥി തൊഴിലാളികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കും
  • സഹായമെത്തിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം
  • ക്വിക്ക് റെസ്‌പോണ്‍സ് ടീം ക്യാമ്പുകള്‍ സന്ദര്‍ശിക്കും
  • കോള്‍ സെന്റര്‍-ഹെല്‍പ്പ് ഡസ്‌ക്കുകളിലേക്ക് സഹായത്തിനായി വിളിക്കാം

കേരളത്തിലുള്ള ഇതര സംസ്ഥാന സംസ്ഥാന (അതിഥി) തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമം. ഇവരുടെ ക്ഷേമമുറപ്പാക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റിലെ വാര്‍ റൂമില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എല്‍എസ്ജിഡി സ്‌പെഷ്യല്‍ സെക്രട്ടറി കെ.ബിജു ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാര്‍ എ.അലക്‌സാണ്ടര്‍ ഐഎഎസ്, പോലീസ് ദക്ഷിണ മേഖലാ ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഐപിഎസ് , തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല കോര്‍ ടീമാണ് നടപടികള്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മാനസിക-സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയും രൂപീകരിച്ചു. ഇതില്‍ എഡിഎം, ഡിവൈഎസ്പി, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വനിതാ-ശിശു ക്ഷേമ വിഭാഗം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവര്‍ മൂന്നു ദിവസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് ഫീല്‍ഡ് വിസിറ്റ് , ഡാറ്റാ സംബന്ധമായ അവലോകനം നടത്തും. ലേബര്‍ കമ്മീഷണറേറ്റില്‍ സംസ്ഥാനതല മോണിറ്ററിംഗും നടത്തും.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി ഫീല്‍ഡ് തലത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമും രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പോലീസ് വിഭാഗത്തില്‍ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍/ഹോം ഗാര്‍ഡ്, അതത് വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററില്‍ നിന്നും ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്നും ലഭിക്കുന്ന സഹായ സന്ദേശങ്ങള്‍ സ്വീകരിച്ച് ക്യാമ്പുകളില്‍ പരിശോധന നടത്തി പരിഹാരമുറപ്പാക്കും. ഇവര്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിലും ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച സൈക്കോ-സോഷ്യല്‍ റെസ്‌പോണ്‍സ് ടീമിനെയും (കൗണ്‍സിലര്‍മാര്‍)ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷാ വിദഗ്ധരായ ഇവര്‍ അതത് ക്യാമ്പുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി സ്വീകരിച്ചിട്ടുള്ള സുരക്ഷാ-ഭക്ഷണ-താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കും. അതിഥി തൊഴിലാളികളെ മാനസികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് വ്യക്തമാക്കി.
ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററിന്റെയും തൊഴില്‍ വകുപ്പ് ജില്ലാ തല ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും നമ്പരുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് വിളിച്ച് തങ്ങളുടെ ആവശ്യം അറിയിക്കാം. ഇത് ജീവനക്കാര്‍ തരം തിരിച്ച് കൗണ്‍സലിംഗ് ആവശ്യമുള്ള സംബന്ധിച്ച് കൗണ്‍സിലിംഗ് ടീമിനും മറ്റുള്ളവ അതത് ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കി പരിഹാരമുറപ്പാക്കും.
സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കായി നിലവില്‍ നടത്തി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. രാജ്യത്ത് കൊവിഡ്-19 ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്ക് എല്ലാ വിധ ക്ഷേമ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
അതിഥി തൊഴിലാളികളുടെ താമസ -ഭക്ഷണ സൗകര്യങ്ങള്‍ക്കൊപ്പം മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് കൂടി സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവുണ്ടായിരുന്നു.കേന്ദ്ര ആഭ്യന്തര വകുപ്പു സെക്രട്ടറിയുടെ നിര്‍ദേശം ആനുസരിച്ചാണ് യോഗം ചേര്‍ന്നത്.
സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.ജലജ, ആരോഗ്യ വകുപ്പ് മാനസികാരോഗ്യ വിഭാഗം സ്്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്.കിരണ്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ രഞ്ജിത് പി.മനോഹര്‍, കെ.ശ്രീലാല്‍ , ലേബര്‍ കമ്മീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News