ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി; വാളയാര്‍ വിഷയത്തില്‍ ശോഭാ സുരേന്ദ്രന്‍

  • 27/10/2020


വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി എന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. 

54 ദിവസത്തിനിടയില്‍ ഒന്‍പതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം  പിഞ്ചുകുഞ്ഞുങ്ങളെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വര്‍ഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സര്‍ക്കാര്‍. പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കിയത് 'അരിവാള്‍ പാര്‍ട്ടിക്കാരാണ്' എന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പ്രതികളെ  ജാമ്യത്തിലിറങ്ങാന്‍ നിങ്ങള്‍ സഹായിച്ചില്ലേ? വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നില്‍ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റര്‍ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകും എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

Related News