സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ ഡോ. തോമസ് ഐസക്കിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡാറ്റാ വിൽപ്പന നടന്നിട്ടുണ്ടെന്ന കുറ്റസമ്മതമാണെന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ.
ഇടപാടിനെ ന്യായീകരിക്കാൻ കൃത്യമായ മറുപടി ഇല്ലാത്തതിനാൽ സാങ്കേതിക പദാവലികൾ കുത്തിനിറച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്ന തന്ത്രമാണ് തോമസ് ഐസക്ക് സ്വീകരിക്കുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ മറുപടി ജനങ്ങളിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി ബിഗ് ഡാറ്റാ അനലെെസിങ് നടത്തുന്നത് സ്പ്രിങ്ക്ളർ ആണെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ സ്പ്രിങ്ക്ളറുടെ വെബ്സൈറ്റിലെ ക്ലൈൻ്റ് ലിസ്റ്റിൽ ലോകാരോഗ്യ സംഘടനയുടെ പേരില്ല. പിന്നെ എങ്ങനെയാണ് ഈ അറിവ് ഐസക്കിന് ലഭിച്ചത്. മലയാളി സ്റ്റാർട്ടപ്പുകളുടെ സേവനം കേരളത്തിന് വേണ്ടി വിനിയോഗിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് ടെൻഡർ വിളിക്കാതെ സ്പ്രിങ്ക്ളറെ ചുമതല ഏൽപ്പിച്ചതെന്നാണ് ധനകാര്യമന്ത്രിയുടെ മറ്റൊരു ന്യായീകരണം. അമേരിക്കൻ പൗരനായ രാഗി തോമസിൻ്റെ സ്ഥാപനം എങ്ങനെയാണ് മലയാളി സ്റ്റാർട്ടപ്പാകുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ വംശജർ തലപ്പത്തിരിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ ഇന്ത്യൻ കമ്പനികളാണെന്ന് പറയേണ്ടി വരുമോയെന്നും ഷിബു ബേബി ജോൺ ചോദിച്ചു.
ഈ ഡാറ്റകളൊക്കെ അമേരിക്കയിലാണ് സൂക്ഷിക്കുകയെന്ന് കമ്പനി തന്നെ പറയുമ്പോൾ ഇന്ത്യയിലെ സെർവറുകളിലാണ് അവ സൂക്ഷിക്കുകയെന്ന് ധനമന്ത്രി നുണ പറയുന്നത് ആരെ പറ്റിയ്ക്കാനാണ്. അമേരിക്കൻ പൗരനായ രാഗി തോമസിനെ പ്രവാസി വ്യവസായി എന്ന് ഐസക്ക് വിശേഷിപ്പിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹം വിദേശ വ്യവസായി ആണ്. അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലുള്ളവരെല്ലാം അമേരിക്കക്കാരായ ഡയറക്ടർമാരാണ്. അവർക്കൊക്കെ കേരളത്തോടുള്ള സ്നേഹം കാരണം നിഷ്കാമ കർമം ചെയ്യുകയാണെന്ന വാദം ഒരു മലയാളിയും വിശ്വസിക്കില്ല.
ഡാറ്റാ കൈമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറിയത് തന്നെ കൂടുതൽ അഴിമതി കഥകൾ പുറത്തു വരാതിരിക്കാൻ വേണ്ടിയാണ്. ഈ പിന്മാറ്റത്തോട് കൂടി ഐസക്കിൻ്റെ ന്യായീകരണവാദങ്ങൾ തെറ്റാണെന്ന് സർക്കാർ തന്നെ സമ്മതിക്കുകയാണ്.
സർക്കാർ പിന്മാറിയെങ്കിലും ഇതുവരെ ശേഖരിച്ച ഡാറ്റകൾ സ്പ്രിങ്ക്ളറുടെ പക്കൽ എത്തിക്കഴിഞ്ഞു.
കോവിഡ് ബാധിതരുടെ രോഗവിവരങ്ങൾക്ക് പുറമെ മുഴുവൻ റേഷൻകാർഡുകളിലെ വ്യക്തി വിവരങ്ങളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആശുപത്രികളിൽ ചികിൽസയ്ക്കെത്തുന്നവരുടെ വിവരങ്ങളും ഭാഗികമായി കമ്പനിയ്ക്ക് കൈമാറിയതിനെ പറ്റി ഐസക്കിന് എന്താണ് ന്യായീകരണമെന്നും ഷിബു ബേബി ജോൺ ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?