സര്‍ക്കാരും പാര്‍ട്ടിയും കസ്റ്റഡിയില്‍: പരിഹസിച്ച് ചെന്നിത്തല

  • 29/10/2020

കൊള്ളസംഘേതമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലായതിനു തൊട്ടുപിന്നാലേ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്. ഇത് കേരളത്തിന് മൊത്തം നാണക്കേടാണ്.

പാര്‍ട്ടിയും ഭരണവും ഒന്നിച്ച് മാഫിയാപ്രവര്‍ത്തനം നടത്തുകയാണ്. മുഖ്യമന്ത്രിയെ തിരുത്തേണ്ട പാര്‍ട്ടിയുടെ ഗതി ഇതാണ്. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ദിനംപ്രതി തെളിയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിണറായി സര്‍ക്കാരിന്റെയും തണലില്‍ സംസ്ഥാനത്ത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് എന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊള്ളയും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടവും നടക്കുന്ന അതീവഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ അരങ്ങേറുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉണ്ടാവുന്ന ആദ്യത്തെ ആരോപണമല്ല ഇത്. വെള്ളപ്പൊക്കത്തിലെ ഭവനനിര്‍മ്മാണകരാറിലും ഇത്തരത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് മുഖ്യമന്ത്രിയെക്കാള്‍ പ്രധാനപ്പെട്ട ആളാണ് പാര്‍ട്ടി സെക്രട്ടറി. അതുകൊണ്ടു തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ചെയ്ത കുറ്റകൃത്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉത്തരവാദിത്വമില്ല എന്ന വാദം അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. നാണംകെട്ട ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള തീവെട്ടിക്കൊള്ളയ്ക്ക് കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യാമോഹിക്കേണ്ട എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Related News