കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭ ‘Sabha E Bells’ എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ് പുറത്തിറക്കി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷനും എന്റർടെയിൻമെന്റും ചേരുന്ന ആപ്പ് നിയമസഭയുടെ സജീവ സാന്നിധ്യം പൊതു സമൂഹത്തിലെത്തിക്കും. വിജ്ഞാനവും വിനോദവും കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ആപ്പ് ആണിത്. ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് വിവിധ പരിശീലന പരിപാടികളിലും പഠനക്ലാസുകളിലും പങ്കാളികളാവാനും പാർലമെന്ററി ഡെമോക്രസിയെക്കുറിച്ചുള്ള പഠനത്തിലും വിനോദങ്ങളിലും ഏർപ്പെടാനും അവസരം ഉണ്ടാകും. ഇതിനോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ പരീക്ഷകളിൽ വിജയികളാകുന്നവർക്ക് നിയമസഭയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനും അവാർഡുകൾ സ്വീകരിക്കാനുമുള്ള അവസരം പരിഗണനയിലാണ്. നിയമസഭ തങ്ങൾക്ക് അപ്രാപ്യമായ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്ന ആളുകൾക്ക് നിയമസഭയുമായി ചേർന്ന് പഠനവിനോദപരിപാടികൾക്ക് കൂടി അവസരമൊരുക്കുന്ന ആപ്പാണിത്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് പഠനത്തിനും ആശയവിനിമയത്തിനും ഉല്ലാസത്തിനുമുള്ള വിവിധ വെബ് പേജുകളിലേക്ക് എത്തുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായും ഈ ആപ്പ് ഉപയോഗപ്പെടുത്താം. ഫിറ്റ്‌നസ്, കിഡ്‌സോൺ, ഇൻഫൊടെയിൻമെന്റ്, ബ്രെയിൻ ടീസേഴ്‌സ്, ടാസ്‌ക് ഫോർ യു, മോട്ടിവേഷൻസ്, ക്വിസ് സോൺ, ഓറിഗാമി വർക്ക്‌സ്, വേൾഡ് ചലഞ്ച്, വിർച്വൽ ടൂർ തുടങ്ങി വിവിധ വിഭാഗങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരയ്ക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും കഴിയും. നിയമസഭാ സാമാജികർക്കായി മൊബൈൽ ആപ്പ് തയ്യാറാക്കിയ തോട്ട് റിപ്പിൾസ് ടെക്‌നോളജീസ് എന്ന സ്റ്റാർട്ട് അപ്പാണ് സഭ ഇ ബെൽസ് എന്ന ആപ്പ് തയ്യാറാക്കിയത്. നിയമസഭ സെക്രട്ടേറിയറ്റിലെ ഐ.ടി വിഭാഗമാണ് ഡിസൈനും ഡാറ്റ മാനേജ്‌മെന്റും നിർവഹിക്കുന്നത്.ആപ്പ് പ്ലേ സ്റ്റോറിൽ ഉടൻ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറിലും വൈകാതെ ലഭ്യമാകും.കോവിഡ് കാലത്ത് പത്തനംതിട്ട റാന്നിയിലെ അധ്യാപികയായ ഷെറിൻ ചാക്കോ പീടികയിൽ തയ്യാറാക്കിയ ഓൺലൈൻ പുസ്തകവും സ്പീക്കർ പ്രകാശനം ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?