പോസ്കോ പ്രതിയെ പിടിക്കാൻ വൈകിയ പോലീസിനെതിരെ അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

  • 15/04/2020

കണ്ണൂർ : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ വൈകിയ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് .

അറസ്റ്റ് വൈകിയതിന്റെ കാരണങ്ങൾ ഡി. വൈ എസ് പി റാങ്കിൽ കുറയാതെയുള്ള പോലീസ് ഉദ്യോഗസ്ഥൻ  അന്വേഷിക്കണമെന്ന്  കമ്മീഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ്  കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. 

പ്രതിയായ അധ്യാപകനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന്  ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഒ കെ മുഹമ്മദ് അലി സമർപ്പിച്ച പരാതിയിലാണ് നടപടി. അന്വേഷണ സംഘം പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയതായി പരാതിയിൽ പറയുന്നു. 

നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. 

Related News