ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പെട്ടെന്നു കേടാകുന്ന സാധനങ്ങളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കുന്നതിന് ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍സെന്റര്‍ ആരംഭിച്ചു

  • 15/04/2020

ന്യൂഡല്‍ഹി : കോവിഡ് 19 ഭീഷണിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പെട്ടെന്നു കേടാകുന്ന സാധനങ്ങളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കുന്നതിന് ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്ററിനു തുടക്കം കുറിച്ചു.
കൃഷി ഭവനില്‍ നടന്ന് ചടങ്ങില്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംങ് തോമര്‍ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.  ഇനി മുതല്‍ രാജ്യത്തെ ഏതു മൊബൈല്‍, ലാന്‍ഡ് ലൈന്‍ നമ്പരുകളില്‍ നിന്നും രാപകല്‍ ഭേദമെന്യെ  18001804200, 14488 എന്നീ നമ്പരുകളില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം.

ഇന്ത്യ ഗവണ്‍മെന്റിന്റെ കൃഷി കര്‍ഷക ക്ഷേമ സഹകരണ വകുപ്പിന്റെ സംരംഭമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്റര്‍. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പെട്ടെന്നു കേടാകുന്ന ഉത്പ്പന്നങ്ങള്‍, വിത്ത്, കീടനാശിനികള്‍, വളം തുടങ്ങിയ കാര്‍ഷിക സാമഗ്രികള്‍ എന്നിവയുടെ അന്തര്‍ സംസ്ഥാന നീക്കം ഏകോപിപ്പിക്കുന്നതിനാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

പെട്ടെന്നു കേടാകുന്ന ഉത്പ്പന്നങ്ങള്‍ കൊണ്ടു പോകുന്ന ലോറി ഡ്രൈവര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്കും വ്യാപാരികള്‍, ചില്ലറ വില്‍പനക്കാര്‍, കൃഷിക്കാര്‍ , ഉത്പാദകര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗുണഭോക്താക്കളും ചരക്കു നീക്കത്തില്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ കോള്‍ സെന്ററിന്റെ സഹായം തേടാവുന്നതാണ്. കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ വാഹനത്തിന്റെയും ചരക്കിന്റെയും വിശദാംശങ്ങള്‍ ആവശ്യമായ മറ്റ് വിവരങ്ങള്‍ സഹിതം അപ്പോള്‍
തന്നെ സംസ്ഥാന ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്ത് പ്രശ്‌നം പരിഹരിക്കും.

ഇഫ്‌കോ കിസാന്‍ സഞ്ചാര്‍ ലിമിറ്റഡ് അവരുടെ ഫരിദബാദ്, ഹരിയാന ഓഫീസുകളില്‍ നിന്നാണ് ഈ കോള്‍ സെന്റര്‍ ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.  പത്ത് കസ്റ്റമര്‍ എക്‌സിക്യുട്ടീവുകള്‍ എട്ടു മണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നു. ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ഇതിനെ 20 പേര്‍ അടങ്ങുന്ന നിലയിലേയ്ക്ക് ഉയര്‍ത്തും. കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ അവരുടെ പരിഗണനയ്ക്കു വരുന്ന എല്ലാ പ്രശ്‌നങ്ങളുടെയും രേഖകള്‍ സൂക്ഷിക്കുകയും ചെയ്യും.
കൃഷി കര്‍ഷക ക്ഷേമ സഹ മന്ത്രിമാരായ  ശ്രീ പര്‍ഷോത്തം റുപാല,  ശ്രീ കൈലാഷ്  ചൗധരി, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 

Related News