തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവക്കും ജീവനക്കാര്‍ക്കുമെല്ലാം ആശുപത്രിയില്‍തന്നെ പാകം ചെയ്ത ഭക്ഷണം.
രോഗം പകര്‍ത്തുന്ന കണ്ണികളിലൊരൊളാകാതിരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയെ ശിരസാ വഹിച്ച് ആശുപത്രിയിലെ റേഡിയോഗ്രാഫര്‍മാര്‍ സ്വന്തം ചെലവില്‍ സ്ക്രബ് സ്യൂട്ട് തയ്യാറാക്കി ഡ്യൂട്ടി സമയത്ത് ഉപയോഗിച്ചും കൊവിഡ് കാലത്ത് മാതൃകയാകുന്നു.
സ്റ്റാഫ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആശുപത്രി ജീവനക്കാരാണ് ദിവസവും മൂന്നുനേരം ഭക്ഷണം തയ്യാറാക്കുന്നത്. കോവിഡ് വാര്‍ഡുകളില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമായിരിക്കുന്നവര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഇത് വിതരണം ചെയ്യും.
മറ്റുള്ളവരുടെ ക്ഷേമം മുന്‍നിര്‍ത്തി പുത്തനാശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കിയതിന്‍റെ ഭാഗമായി ഡയറ്റീഷ്യന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്‍പതോളം പേര്‍ക്കാണ് ദിവസവും മൂന്നുനേരം 'സാന്ത്വനം' കിച്ചണിലൂടെ ഭക്ഷണം ലഭ്യമാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു പറഞ്ഞു.
രോഗികള്‍ ആവശ്യപ്പെടുന്ന ആഹാരമാണ് നല്‍കുന്നത്. ഇതനുസരിച്ച് മാംസ്യാഹാരം, പഴവര്‍ഗ്ഗം, ശീതളപാനീയം വരെ ലഭ്യമാക്കുന്നുണ്ടെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയും ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റുമായ ശ്രീ എം.സി അജിത് കുമാര്‍ പറഞ്ഞു.
സന്നദ്ധ സ്ഥാപനങ്ങളും യുവജനസംഘടനകളുമൊക്കെ നല്‍കുന്നതിനു പുറമേയാണ് ഈ ഭക്ഷണവിതരണം നടത്തുന്നത്. ചില പ്രാദേശിക വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. ഇതിനായി ആശുപത്രിക്കടുത്ത് താമസിക്കുന്ന ജീവനക്കാരാണ് ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നത്. അകലെയുള്ള ജീവനക്കാരെല്ലാം ലോക്ഡൗണിനെ തുടര്‍ന്ന് സമീപത്തേയ്ക്ക് താമസം മാറ്റിയിട്ടുണ്ട്. അവര്‍ക്കും ഭക്ഷണമുണ്ട്. ആദ്യഘട്ടത്തില്‍ ഇതിലേക്കുള്ള തുക ജീവനക്കാരില്‍നിന്ന് സമാഹരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സഹായം ലഭിക്കുന്നത് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്രതീക്ഷിതമായി സമൂഹവ്യാപനം ഉണ്ടായാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ആശുപത്രിക്കുളളില്‍ സ്വീകരിക്കാനാവില്ല. അതുകൊണ്ട് മുന്‍കരുതലെന്ന നിലയില്‍ രോഗികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനാണ് ഈ ദൗത്യം ആരംഭിച്ചതെന്നും ആശുപത്രി ആര്‍എംഒ ഡോ.ആശിഷ് മോഹന്‍ പറഞ്ഞു.
സ്ക്രബ് സ്യൂട്ട് ധരിക്കാന്‍ റേഡിയോഗ്രാഫര്‍മാര്‍ സ്വയം സന്നദ്ധരായത് സ്വാഗതാര്‍ഹമാണെന്ന് ഡോ.സാജന്‍ മാത്യു പറഞ്ഞു. ഡ്യൂട്ടിക്കുശേഷം ഉപയോഗിച്ച സ്ക്രബ് സ്യൂട്ടുകള്‍ കഴുകുന്നതിനായി പോളിത്തീന്‍ കവറിലാണ് സൂക്ഷിക്കുക. ആര്‍ക്കും അണുബാധയുണ്ടാകരുതെന്ന് ഉറപ്പുവരുത്താനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസൊലേഷന്‍ മുറികളില്‍ പോര്‍ട്ടബിള്‍ എക്സറെ എടുക്കാനായി പോകേണ്ടിവരുന്നതിനാലാണ് അവിടെത്തെ ഒന്‍പത് റേഡിയോഗ്രാഫര്‍മാരും അവരുടെ യൂണിഫോമായ കോട്ടിനു പുറമേ അതിനുള്ളില്‍ ധരിക്കാവുന്ന സ്ക്രബ് സ്യൂട്ട് സ്വന്തം ചെലവില്‍ തയ്ച്ച് ഉപയോഗിക്കുന്നത്.
ഡ്യൂട്ടിക്കുമുന്‍പായി റേഡിയോഗ്രാഫര്‍മാര്‍ സ്ക്രബ് സ്യൂട്ട് ധരിക്കുന്നത് അണുവ്യാപനത്തെ ചെറുക്കുന്നതിനാണെന്ന് റേഡിയോളജി വിഭാഗത്തിലെ റേഡിയോഗ്രാഫര്‍ ഇന്‍ ചാര്‍ജ് സുനില്‍ എ പറഞ്ഞു. കൊവിഡ് രോഗികളുമായി ഇടപഴകേണ്ടിവരുമ്പോള്‍ റേഡിയോഗ്രാഫര്‍മാര്‍ പിപിഇ (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റ്) കിറ്റുകളും ഉപയോഗിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും സ്ക്രബ് സ്യൂട്ടുകള്‍ അണിയുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ശരത് തോമസ് റോയ്, ഡോ.ജയശ്രീ, ഡോ. നസ്ലിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇപ്പോള്‍ ഇവിടെ ചികിത്സയിലുള്ള അഞ്ച് കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?