പിണറായിക്ക് സിബിഐയെ പേടി: ചെന്നിത്തല

  • 04/11/2020


മുഖ്യമന്ത്രി പിണറായി വിജയന് സിബിഐയെപ്പേടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റ് ചെയ്തു എന്നു ബോധ്യമുള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍  കേന്ദ്ര അന്വേഷണ ഏജന്‍സികളെ പേടിക്കുന്നതും, അവരുടെ പ്രവര്ത്തനങ്ങള്‍  മുടക്കാന്‍  ശ്രമിക്കുന്നതും. ചെയ്ത കാര്യങ്ങള്‍  നിയമപരവും, സത്യസന്ധവുമായിരുന്നുവെങ്കില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ സര്‍ക്കാര്‍  തയ്യാറാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തണലില്‍  നടക്കുന്ന അഴിമതികളും, തട്ടിപ്പുകളും  അന്വേഷിക്കാന്‍ സംസ്ഥാന പോലീസോ, വിജിലന്‍സോ തയ്യാറാകുന്നില്ല. ഇനി കേന്ദ്ര ഏജന്‍സികളെയും അന്വേഷിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നതിലൂടെ, തങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കും ആരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല എന്ന  സന്ദേശമാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. 

പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് കച്ചവടത്തെപ്പറ്റി മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം  കുറ്റകരമാണ്.  തലമുറകളുടെ ഭാവി  തകര്‍ക്കുന്ന മയക്കുമരുന്നു വ്യാപാരത്തിനു സിപിഎം ന്റെ സംസ്ഥാന  സെക്രട്ടറിയുടെ മകന്‍  വര്‍ഷങ്ങളായി നേതൃത്വം കൊടുക്കുന്നു എന്നത്  അതീവ ഗുരുതരമായ സാഹചര്യമാണ്. ഭരണത്തിന്റെയും, സര്‍ക്കാരിന്റെയും തണലില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ട് വന്നതുകൊണ്ടാണ് പാര്‍ട്ടിക്കും, സര്‍ക്കാരിനും ഇപ്പോള്‍  അന്വേഷണ ഏജന്‍സികളോട് വെറുപ്പ്  വന്നുചേര്‍ന്നിരിക്കുന്നത്.    അന്വേഷണ ഏജന്‍സികള്‍  സത്യം കണ്ടെത്താന്‍  ശ്രമിക്കുമ്പോള്‍  അതിന്  തടയിടാനുള്ള  നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ  അന്വേഷണം നടത്തുന്നതില്‍ നിന്നും  ഏജന്‍സികളെ തടയാന്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ വലിയ തോതിലുള്ള തെറ്റിദ്ധാരണയുണ്ടാക്കും എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related News