കോവിഡിന്‍റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും അമേരിക്കന്‍ കമ്പനിക്ക് തീരെഴുതികൊടുത്താണ് സ്പ്രിംഗ്ളര്‍ കമ്പനിയുമായി ഒപ്പുവച്ചിട്ടുളള രേഖയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പുറത്തു വന്ന രേഖള്‍ പൂര്‍ണ്ണമല്ലെങ്കിലും ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. സ്വകാര്യതയെ ബാധിക്കുന്ന അതീവ രഹസ്യമായി സൂക്ഷിക്കേണ്ട കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ പൂര്‍ണ്ണമായും കമ്പനിയ്ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം അവകാശം ഉറപ്പിക്കുന്നതുമാണ് പുറത്തുവിട്ട രേഖയിലെ വ്യവസ്ഥകള്‍.
അമേരിക്കന്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാന രഹിതവും പുറത്തുവിട്ട വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രേഖകള്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്ന് ഒരിടത്തും പറയുന്നില്ല. കമ്പനിയ്ക്ക് നല്‍കേണ്ട ഫീസ് യു.എസ്. ഡോളറില്‍ നല്‍കണമെന്നും കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ ഫീസ് നല്‍കേണ്ടതില്ലെന്നും , കോവിഡ് കഴിയുമ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുളള വില നിശ്ചയിച്ച് കമ്പനി ബില്‍ നല്‍കുമെന്നും, ബില്ലിലെ തുക സംബന്ധിച്ച് തീരുമാനമെടുക്കുവാന്‍ സര്‍ക്കാരിന് വിവേചനാധികാരം ഉണ്ടെന്നുമാണ് വ്യവസ്ഥ. വിവേചനാധികാരം നീതിയുക്തമായി മാത്രമേ സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിയു. അതായത് ചെയ്യുന്ന സേവനത്തിന് കമ്പനി ബില്‍ നല്‍കുമെന്നും കൊടുക്കേണ്ട തുക സംബന്ധിച്ച് സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കുമെന്നാണ്. സര്‍ക്കാരിന്‍റെ തീരുമാനം നീതിയുക്തമല്ലെങ്കില്‍ കമ്പനിയ്ക്ക് കേസിനുപോകാം. കേസു സംബന്ധിച്ച് ന്യൂയോര്‍ക്കിലെ കോടതിയെ സമീപിക്കണമെന്നാണ് വ്യവസ്ഥ. അതായത് സര്‍ക്കാര്‍ തീരുമാനിക്കുന്ന തുകയില്‍ കമ്പനി തൃപ്തരല്ലെങ്കില്‍ കോടതി മുഖേന പരിഹാരം തേടാം. അതും ന്യൂയോര്‍ക്കിലെ കോടതി മുഖേന.
യാതൊരു വ്യവസ്ഥകളും കൂടാതെ മാര്‍ച്ച് 25 മുതലുളള വിവരങ്ങള്‍ വിദേശ കമ്പനിയ്ക്ക് നല്‍കിയത് സാധൂകരിക്കുന്നതിന് പൂര്‍വ്വകാല പ്രാബല്യത്തോടെ ഏപ്രില്‍ 2 ന് ഓഡര്‍ ഫോം ഒപ്പിട്ടിരിക്കുകയാണ്. ഒരു വിദേശകമ്പനിയ്ക്ക് എല്ലാ വിവരങ്ങളും കൈമാറിയ ശേഷം വിവരങ്ങള്‍ കൈമാറുന്ന തീയതിയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി വ്യവസ്ഥകള്‍ ഒരു സര്‍ക്കാര്‍ ഒപ്പ് വയ്ക്കുന്നത് നിലവിലെ നിയമവ്യവസ്ഥകള്‍ക്ക് എതിരെയാണ്.
കരാറെന്ന പേരില്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന രേഖകള്‍ നിയമാനുസരണം ഒരു കരാറായി സാധൂകരിക്കാന്‍ കഴിയുന്നതല്ല. നിയമാനുസരണം സര്‍ക്കാര്‍ വിദേശകമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുളള യാതൊരു നടപടി ക്രമവും പൂര്‍ത്തിയാക്കാതെയാണ് ലോകവിപണിയില്‍ ഏറ്റവും മുല്യമുളള ആരോഗ്യ വിവരങ്ങള്‍ കമ്പനിയ്ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയും വിധം കൈമാറിയിരിക്കുന്നത്. കേരളത്തെ പണയപ്പെടുത്തുന്ന സ്പ്രിംഗ്ളര്‍ കമ്പനിയ്ക്ക് മാത്രം നേട്ടമുണ്ടാകുന്ന വ്യവസ്ഥകള്‍ അടങ്ങുന്ന രേഖയിലാണ് ഐ.ടി. സെക്രട്ടറി ഒപ്പു വച്ചിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുളള ആരോഗ്യവിവരങ്ങളുടെ ഡേറ്റാബേസ് വിദേശകമ്പനിയക്ക് കൈമാറുവാനുളള തീരുമാനം വീട് കത്തുമ്പോള്‍ വാഴവെട്ടുന്നതല്ല, വീട് കത്തുമ്പോള്‍ വീട്ടിലെ അമൂല്യമായ സ്വത്തുക്കള്‍ കൊളളയടിക്കുന്നതിനു തുല്യമാണ്. അന്താരാഷ്ട്ര വിപണിയില്‍ മുല്യം നിശ്ചയിക്കാന്‍ കഴിയാത്ത രഹസ്യ വിവരങ്ങള്‍ സ്വകാര്യ വിദേശ കമ്പനിയ്ക്ക് കൈമാറിയതിന് വ്യക്തമായ കരാറുകളോ വ്യവസ്ഥകളോ ഇല്ല. പുറത്തു വിട്ട രേഖകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതും അഴിമതിയിലേയ്ക്ക് വിരല്‍ ചൂണ്ടന്നതുമാണ്. കടം പറഞ്ഞ് സേവനം വാങ്ങുന്നതിനെ സൗജന്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തെ വഞ്ചിക്കുകയാണ്. അമേരിക്കന്‍ കമ്പനിയുമായിട്ടുളള സേവനം നിര്‍ത്തിവച്ചാല്‍ പോലും നാളിതുവരെ കമ്പനിയ്ക്ക് ലഭിച്ച വിവരങ്ങള്‍ കൊണ്ട് കോടികളുടെ ലാഭമാണ് സ്പ്രിംഗ്ളര്‍ കമ്പനിയ്ക്ക് ഉണ്ടാക്കുവാന്‍ കഴിയുന്നത്. വിദേശകമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ രാജ്യത്ത് നിലവിലുളള നിയമങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ടാണ് അന്താരാഷ്ട്ര വിപണിയില്‍ വിലതിട്ടപ്പെടുത്താന്‍ കഴിയാത്ത വണ്ണം മൂല്യമുളള സ്വകാര്യ സൂഷ്മ ആരോഗ്യ വിവരങ്ങള്‍ വിദേശകമ്പനിയ്ക്ക് കൈമായറിയിരിക്കുന്നത്. കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന വിദേശകമ്പനികളുമായുളള ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?