ഡിസംബര്‍ 8, 10, 14 തീയതികളില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്, വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്

  • 06/11/2020

തിരുവനന്തപുരം; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 8,10,14 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും അവസാന ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് ആണ് ഫലം പ്രഖ്യാപിക്കുക. ഡിസംബര്‍ 25ന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയിലാണ് ക്രമീകരണം. ഇന്ന് മുതല്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരും. നവംബര്‍ 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. 20ന് സൂക്ഷ്മ പരിശോധന നടക്കും. 23ാം തീയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് ആറ് വരെയാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഭാസ്‌കരനാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ സജ്ജമാണെന്ന് പൊലീസ് മേധാവി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2.71 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.29 കോടി പുരുഷ വോട്ടര്‍മാരും 1.41 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 34,744 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കുക, 29321 പഞ്ചായത്ത്, 3422 മുന്‍സിപാലിറ്റി, 2001  കോര്‍പ്പറേഷന്‍ ബൂത്തുകള്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. കൊവിഡ് പോസിറ്റീവായവര്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനമുണ്ടാകും.

Related News