തിരുവനന്തപുരം: സ്പിംഗ്ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ പി.ആര്‍ കമ്പനിക്ക് കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്ര സുതാര്യമല്ലാത്ത പ്രവര്‍ത്തി ചെയ്യുന്നത്. തന്‍റെയും സി.പി.എമ്മിന്‍റെയും പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സ്പിംഗ്ളറിന് പകരം നല്‍കിയത് കേരളത്തിലെ ജനങ്ങളുടെ ഡാറ്റയാണ്. ഈ ഇടപാടില്‍ ദുരൂഹതയുണ്ട്. സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന കീഴ്വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല. ഇതേക്കുറിച്ച് മന്ത്രിമാരോടോ വകുപ്പുതലവന്മാരോടോ ആലോചിച്ചില്ല. നിയമസഭയില്‍ പ്രസ്താവന നടത്തുകയോ എംഎല്‍എമാരുടെ അഭിപ്രായം തേടുകയോ ചെയ്തില്ല. അതിനര്‍ത്ഥം ഇതില്‍ നഗ്നമായ അഴിമതി നടന്നു എന്നാണ്. തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം ഐ.ടി സെക്രട്ടറി വിശദമാക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എല്ലാം അറിയാം. വിവിധ കേസുകളില്‍ നിയമനടപടി നേരിടുന്ന സ്പിംഗ്ളറിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ ദുരൂഹത വര്‍ധിച്ചു.തത്വത്തില്‍ കേരളത്തെ മുഖ്യമന്ത്രി വിറ്റിരിക്കുന്നു.കോവിഡിന്‍റെ മറവില്‍ നടത്തിയ ഈ കച്ചവടം പിടിക്കപ്പെട്ടതോടെ വിവാദം വഴിതിരിച്ചു വിടാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് അദ്ദേഹം പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷം നോക്കുകുത്തിയല്ല. യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണം. ദുരന്തമുഖത്ത് ഭീതിയോടെ കഴിയുന്ന ജനതയെ വഞ്ചിക്കരുത്. എന്താണ് സ്പിംഗ്ളര്‍ കമ്പനിയുമായുള്ള ബന്ധമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇടനിലക്കാരുണ്ടോയെന്നും സംശയമുണ്ട്. വലിയ ഒരു അഴിമതിയാണ് നടക്കുന്നത്. ഡേറ്റാ കച്ചവടം രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതാണെന്നും മുനീര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?