ടിക്കറ്റ് തുക മടക്കില്ല; തീവെട്ടിക്കൊള്ള തുടർന്ന് വിമാനകമ്പനികള്‍; മുഖം തിരിച്ച് കേന്ദ്രവും

  • 16/04/2020

വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടും ടിക്കറ്റ് തുക മടക്കിനല്‍കാതെ സ്വകാര്യ എയര്‍ലൈനുകളുടെ തട്ടിപ്പ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിയ മുറയ്ക്ക് ടിക്കറ്റുകള്‍ റദ്ദാക്കി തുക വിമാനകമ്പനികള്‍ സ്വന്തം വാലറ്റിലേക്ക് മാറ്റി. ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ കമ്പനികളോട് നിര്‍േദശിക്കണമെന്ന അഭ്യര്‍ഥനയോട് പ്രതികരിക്കാന്‍ വ്യോമയാനമന്ത്രാലയവും മുഖംതിരിച്ചു.

തീവെട്ടിക്കൊള്ളയാണ് കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ വിമാനകമ്പനികള്‍ നടത്തുന്നത് . യാത്രറദ്ദായിട്ടും യാത്രാക്കൂലി മടക്കിനല്‍കില്ലെന്ന വാശിയിലാണ് കമ്പനികള്‍. ഒന്നൊഴിയാതെ സ്വകാര്യ വിമാനകമ്പനികളെല്ലാം ടിക്കറ്റ് ചാര്‍ജ് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പേരില്‍ കമ്പനിയുടെ വാലറ്റില്‍ നിക്ഷേപിച്ചിരിക്കുകയാണ് . ഒാണ്‍ലൈനായി അതേ വിമാനക്കമ്പനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനല്ലാതെ ഈ തുക ഉപയോഗിക്കാനാകില്ല . അതും ഒരുവര്‍ഷത്തിനിടെ ബുക്ക് ചെയ്തില്ലെങ്കില്‍ നഷ്ടമാവുകയും ചെയ്യും തുക മടക്കി നല്‍കണമെന്ന് കാണിച്ച് വിമാനക്കമ്പനിയുടെ വാട്ട്്സ് ആപ്പ് ചാറ്റില്‍ പോയാലും കൃത്യമായി മറുപടിയില്ല. ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ ആരും എടുക്കുകയുമില്ല. ട്രാവല്‍ ഏജന്‍സികളും സഞ്ചാരികളുമാണ് ഇതുമൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് .

യാത്രക്കാരന്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റ് റദ്ദാക്കിയാല്‍ മാത്രം പിഴയീടാക്കിയിരുന്ന കമ്പനികള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ വിമാനങ്ങളില്‍ ബുക്ക് ചെയ്തിരുന്നവരില്‍ നിന്ന് ആയിരം രൂപയില്‍ കുറയാത്ത തുക പിടിച്ച് ബാക്കി തുകമാത്രമാണ് വാലറ്റില്‍ നിക്ഷേപിച്ചത് . വിമാനം റദ്ദാക്കിയതിന്റെ പേരില്‍ ഉപഭോക്താക്കളെ പിഴിയുന്ന കമ്പനികളുടെ ഈ നിലപാട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കേന്ദ്രവ്യോമയാനമന്ത്രാലയവും ഈ കൊള്ളയ്ക്ക് നേര്‍ക്ക് കണ്ണടയ്ക്കുകയാണ്.

Related News