മന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ നിന്ന്

  • 16/04/2020

കോവിഡ്-19 പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. മികച്ച ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ലോക്ഡൗൺ കാലത്ത് വിവിധ വിഭാഗങ്ങളെ മുന്നിൽക്കണ്ട് പദ്ധതികൾ ആവിഷ്‌കരിച്ചാണ് മുന്നോട്ടുപോകുന്നത്.
കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ആരെയും മാറ്റിനിർത്തുകയല്ല, ചേർത്തുപിടിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, എന്നാൽ അത് പ്രകടിപ്പിക്കേണ്ട സമയത്തേ പ്രകടിപ്പിക്കാവു.

അസ്ഥാനത്ത് സത്യവിരുദ്ധമായ പരാമർശം നടത്തരുത്. ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച് ദുർവ്യാഖ്യാനം ചെയ്ത് അഭിപ്രായപ്രകടനം നടത്തുന്നത് സമൂഹത്ാത്പര്യത്തിന് എതിരാണ്.

പ്രളയകാലത്തേത് പോലെ എല്ലാ വിഭാഗങ്ങളോടും മുഖ്യമന്ത്രി സഹായം അഭ്യർഥിക്കുകയാണ് ചെയ്തത്. ഒരുപാട് പേർ തടയാൻ ശ്രമിച്ചെങ്കിലും പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഈ തുക കേരളത്തിന്റെ പുനർനിർമാണത്തിനും സഹായം ലഭ്യമാക്കാനും ചെലവിട്ടുവരികയാണ്.

അതിനിടയ്ക്കാണ് കോവിഡ് മഹാമാരി വന്നത്. ഇത്തവണയും ദുരിതാശ്വാസനിധിയിലേക്ക് സഹായം ലഭിക്കുന്നുണ്ട്. വിഷുകൈനീട്ടവും, റമദാൻ കാലത്തെ സഹായങ്ങളും ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളും സംഘടനകളും മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങുന്നതാണ് കണ്ടത്. അവരുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും സർക്കാരിന്റെ ആവശ്യത്തിനായി നൽകാനും അവർ സന്നദ്ധരായി.
ഇതിനിടയിലാണ് ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ എം.എൽ.എ സത്യവിരുദ്ധമായ പ്രസ്ഥാവനയുമായി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ മുന്നോട്ടുവന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കേസ് നടത്താനോ അത്തരം ആവശ്യങ്ങൾക്കോ തുക ചെലവാക്കാൻ ഒരു സർക്കാരിനും കഴിയില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്.

ഇത്തരം പ്രസ്താവനകൾ കേരള സമൂഹം പുച്ഛിച്ചുതള്ളും. ഇത്തരം സത്യസന്ധമല്ലാത്ത പ്രസ്താവനങ്ങൾ നടത്തുന്നത് മാന്യമാണോ എന്ന് ലീഗ് നേതൃത്വം ചിന്തിക്കണം. രാഷ്ട്രീയ വിയോജിപ്പുകൾ നേരിടുന്നതിന് സമയവും സന്ദർഭവുമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് സഹായം നൽകിയതു സംബന്ധിച്ച് എം.കെ. മുനീർ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ന് ആരോപണം ഉന്നയിച്ചത് എന്നത് ഏറെ വേദനിപ്പിച്ചു.

എല്ലാവരും എല്ലാവരുടേയും പിന്നിലേക്ക് തിരിഞ്ഞുനോക്കണം ആരോപണം ഉന്നയിക്കുമ്പോൾ.

മുമ്പ് മുഖ്യമന്ത്രിയായിരുന്ന സി.എച്ചിന്റെ കുടുംബത്തിന് അന്നത്തെ യു.ഡി.എഫ് സർക്കാർ സഹായം നൽകിയതും മറക്കരുത്. രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർക്ക് സഹായം നൽകുന്നത് തെറ്റല്ല. അതു തീർത്തും മാനുഷികമാണെന്നതിൽ സംശയമില്ല.

അത്തരം സഹായങ്ങളെ അങ്ങനെ കാണുന്നതിന് പകരം അവരുടെ കുടുംബങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നതുകൊണ്ടാണ് സി.എച്ചിന്റെ കാര്യം പറയേണ്ടിവന്നത്.

ജനങ്ങൾ ഒന്നിച്ചു ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഭിന്നിപ്പുണ്ടാക്കുന്നത് നാടിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.

അസത്യം സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നത് മഹാ അപരാധമാണ്.

മുസ്‌ലീംലീഗ് ഈ സെക്രട്ടറിയുടെ നിലപാട് തിരുത്തുകയാണ് ചെയ്യേണ്ടത്, അതിനെ ന്യായീകരിക്കുകയല്ല.

ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് ലീഗ് പോലെ ഒരു പാർട്ടിക്ക് കരണീയമാണോ എന്ന് ആലോചിക്കണം.

ഇക്കാര്യങ്ങളിൽ കക്ഷി രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ചുനിൽക്കുകയാണ് വേണ്ടത്.

Related News