കോവിഡ് 19 ആന്റിബോഡി പരിശോധന (ഐജി. ജി, ഐജി. എം) സ്വകാര്യ മേഖലയിൽ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പരിശോധന നടത്തുന്നതിന് ലബോറട്ടറികളെ തിരഞ്ഞെടുക്കുന്നത്, ആന്റിബോഡി ടെസ്റ്റ് കിറ്റ്, പരിശോധന നടത്തേണ്ടവരെ തിരഞ്ഞെടുക്കുന്നത്, പരിശോധന നടത്തേണ്ടതെപ്പോൾ, സാമ്പിൾ ശേഖരണം, പരിശോധന ഫലം അറിയിക്കുന്നത് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും നിശ്ചയിച്ചു.ശരീരശ്രവ പരിശോധനയിൽ എൻ. എ. ബി. എൽ അക്രഡിറ്റേഷനുള്ള ലാബുകൾക്ക് പരിശോധിക്കാൻ അനുമതി നൽകും. ലാബുകൾക്ക് കോവിഡ് 19 ആന്റിബോഡി പരിശോധനയ്ക്ക് ഐ. സി. എം. ആറിന്റെ അംഗീകാരം ഉണ്ടായിരിക്കണം. ഐ. സി. എം. ആറും സംസ്ഥാന സർക്കാരും ഇതിനായി രൂപീകരിച്ചിട്ടുള്ള പോർട്ടലിൽ ലാബുകൾ രജിസ്റ്റർ ചെയ്തിരിക്കണം. കേരള സർക്കാരിന്റെ രജിസ്ട്രേഷന് covidpnsodedme@gmail.com എന്ന മെയിൽ ഐ. ഡിയിൽ ആവശ്യമായ രേഖകൾ അയയ്ക്കണം. പരിശോധനാ ഫലങ്ങൾ ലാബുകൾ സംസ്ഥാന ആരോഗ്യ വകുപ്പിന് ഓൺലൈൻ പോർട്ടൽ മുഖേന കൈമാറണം. രജിസ്റ്റർ ചെയ്ത ലാബുകൾക്ക് ഓൺലൈൻ പോർട്ടലിന്റെ ലിങ്ക് നൽകും. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ഒപ്പുവയ്ക്കണം. കമ്മ്യൂണിക്കേഷൻ പ്രോട്ടോകോൾ കരാറും ഉണ്ടാവും. കരാർ പകർപ്പ് അയയ്ക്കുന്ന ലാബുകളുടെ രജിസ്ട്രേഷൻ മാത്രമേ അംഗീകരിക്കൂയെന്ന് മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ആർ. ടി പി. സി. ആർ നെഗറ്റീവായ കോവിഡ് 19 സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്‌ക് കോണ്ടാക്ട് വിഭാഗങ്ങളിലും ആന്റിബോഡി പരിശോധന നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരെയും അതികഠിനമായ ശ്വസനസംബന്ധ രോഗമുള്ളവരുടെ ക്ളസ്റ്ററുകളിൽ ഉൾപ്പെടുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിർണയം നടത്തുന്നതിന് മുമ്പ് ശ്വസനസംബന്ധ രോഗം മാറിയവരിലും ആന്റിബോഡി പരിശോധന നടത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ഹൈറിസ്‌ക് പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളിലും പരിശോധന നടത്തും. ജനക്കൂട്ടത്തിനിടയിൽ പോയവർ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുത്ത രോഗലക്ഷണം കാട്ടിയവരിലും പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തുള്ളവരെയും പരിശോധിക്കാമെന്ന് മാനദണ്ഡത്തിൽ പറയുന്നു.രോഗലക്ഷണം ഉണ്ടായശേഷം ഏഴു ദിവസത്തിനകം ആന്റിബോഡി ടെസ്റ്റ് നടത്തണം. രോഗലക്ഷണമില്ലാത്ത ക്വാന്റൈനിൽ കഴിയുന്നവർക്ക് 14 ദിവസം പൂർത്തിയാകുമ്പോൾ പരിശോധന നടത്താം. കോവിഡ് 19 പരിശോധനയിലും പരിചരണത്തിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറന്റൈൻ കാലാവധിക്ക് ശേഷം പരിശോധന നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ടവർക്ക് രോഗിയുമായി നേരിട്ട് ബന്ധമുണ്ടായതിന്റെ ഏഴു മുതൽ 10 ദിവസത്തിനകം പരിശോധന നടത്തണം. ജനക്കൂട്ടത്തിൽ പോയവർ, ഉത്സവങ്ങൾ, മരണാനന്തരചടങ്ങുകൾ, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുത്തവരിൽ ഏഴു മുതൽ 14 ദിവസത്തിനകം പരിശോധന നടത്താം.ഐ. സി. എം. ആർ നിർദ്ദേശിക്കുന്ന പരിശോധനാ കിറ്റുകളാണ് ഉപയോഗിക്കേണ്ടത്. https:/www.icmr.nic.in/content/covid-19 വെബ്സൈറ്റിൽ അംഗീകാരമുള്ള കിറ്റുകളുടെ വിവരം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുന്ന കിറ്റുകൾ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ കോവിഡ് 19 പരിശോധന സാമ്പിൾ ശേഖരിക്കാനുള്ള സംവിധാനം വേണം. നല്ല വായുസഞ്ചാരമുള്ള മുറികൾ വേണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. എ. സി മുറികൾ ഉപയോഗിക്കരുത്. സാമ്പിൾ ശേഖരിക്കുന്നയിടങ്ങളിൽ സമൂഹിക അകലവും സുരക്ഷാ മുൻകരുതലും സ്വീകരിക്കണം. ലബോറട്ടറിയിൽ കോവിഡ് 19 പരിശോധനാ മേഖലയിൽ എത്തുന്നവർക്ക് ആരോഗ്യവിദ്യാഭ്യാസം നൽകണം. കൈകഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം ഇവിടങ്ങളിൽ ഒരുക്കണം.വീടുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിന് പരിശീലനം ലഭിച്ച ഒരു സംഘത്തെ ലാബുകൾക്ക് നിയോഗിക്കാം. സംഘം എത്തുന്നതിന് മുമ്പ് വിവരം വീട്ടിലുള്ളവരെ അറിയിച്ചിരിക്കണം. മാസ്‌ക്കും പി. പി. ഇയുമുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. മെഡിക്കൽ മാലിന്യ പ്രോട്ടോക്കോളും ഉറപ്പാക്കണം.പരിശോധന നടത്തുന്ന വ്യക്തിയിൽ നിന്ന് ആവശ്യമായ മുഴുവൻ വിവരവും ശേഖരിച്ചുവെന്ന് ലാബിന്റെ നോഡൽ ഓഫീസർ ഉറപ്പാക്കണം. സ്വകാര്യ ലാബിലെ മൈക്രോബയോളജിസ്റ്റോ ലാബ് ഇൻ ചാർജോ ആന്റിബോഡി പരിശോധന ഫലം അന്തിമമായി ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ ലാബുകൾ ഫലം അപ്ലോഡ് ചെയ്യണം. ലാബുകൾ രോഗികളെ നേരിട്ട് ഫലം അറിയിക്കരുത്. ഇതിനുള്ള ചുമതല ആരോഗ്യവകുപ്പിനാണ്. ആരോഗ്യവകുപ്പിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പരിശോധിക്കുന്ന ഡോക്ടറെ ഫലം അറിയിക്കൂ.ആന്റിബോഡി പരിശോധനയ്ക്കുള്ള ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നൽകിയിട്ടുള്ള നിർദ്ദേശം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ യോഗ്യതയുള്ളവർക്ക് പരിശോധന സൗജന്യമാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന മറ്റ് ദുർബല വിഭാഗങ്ങൾക്കും സൗജന്യമായി പരിശോധന നടത്തും. അല്ലാതെയുള്ളവർക്ക് 800 രൂപയാവും പരിശോധന ഫീസ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ള ബി. പി. എൽ രോഗികൾക്ക് പരിശോധന സൗജന്യമായിരിക്കും. ലാബുകൾക്ക് ഈ തുക കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് തിരിച്ചുനൽകും. സുപ്രീംകോടതി, ഐ. സി. എം. ആർ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിവരുടെ ഫീസ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?