കൊവിഡ് കാലത്തെ ഗാര്‍ഹിക പീഡനം: ബോധവത്കരണം ത്വരിതപ്പെടുത്തി 'ഭൂമിക'

  • 18/04/2020

തിരുവനന്തപുരം: കൊവിഡ് ലോക് ഡൗണ്‍ സമയത്തെ ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് സ്ത്രീകളിലെ ബോധവത്കരണം സര്‍ക്കാര്‍ 'ഭൂമിക'യിലൂടെ ത്വരിതപ്പെടുത്തുന്നു.

ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് സഹായം ആവശ്യമുള്ളവര്‍ സര്‍ക്കാരിന്‍റെ ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ വിളിച്ചാല്‍ കൗണ്‍സിലറുടെ സഹായം ലഭ്യമാകുമെന്ന് ആരോഗ്യകേരളം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ശ്രീമതി സീന കെ.എം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 21 കൗണ്‍സിലര്‍മാര്‍ 'ഭൂമിക'യിലുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് മടി കൂടാതെ ദിശ നമ്പറില്‍ വിളിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.

ലിംഗപരവും സാമൂഹ്യവുമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് വൈദ്യസഹായവും മനശാസ്ത്രപരവുമായ കരുതലും നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പാണ് ഭൂമികയ്ക്ക് തുടക്കമിട്ടത്. സംസ്ഥാന ആസൂത്രണ ഫണ്ട്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂമിക യൂണിറ്റുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന താലൂക്ക് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നു. ഒരു വനിത കൗണ്‍സിലര്‍ അല്ലെങ്കില്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരുടെ ചുമതലയിലാണ് അതത് യൂണിറ്റുകള്‍.

സ്ത്രീകള്‍ക്ക് മനശാസ്ത്രപരമായ സഹായം നല്‍കുന്നതിനോടൊപ്പം ലിംഗപരമായ അതിക്രമങ്ങളെക്കുറിച്ചും അവയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ആശുപത്രി ജീവനക്കാരെ ബോധവത്കരിക്കുക, അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുക, സമാനവിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംവിധാനങ്ങളുമായി സഹകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.

ഇത്തരം കേസുകളില്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമെ നിയമസഹായവും തുടര്‍സേവനങ്ങളും 'ഭൂമിക' ചെയ്യുന്നുണ്ടെന്ന് സീന കെഎം പറഞ്ഞു. നിയമസംവിധാനം, പോലീസ്, വനിത ശിശുക്ഷേമ സമിതി എന്നിവയുടെ സഹായവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ലഭിക്കാറുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News