ഐ എം എയുടെ ദേശീയ പ്രതിഷേധത്തിൽ കെ ജി എം ഒ എ പങ്കുചേരും.

  • 21/04/2020

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. തമിഴ്നാട്ടിൽ, മരണപ്പെട്ട ഡോക്ടറുടെ മൃതദേഹത്തെ അപമാനിക്കുന്ന തരത്തിൽ ഹീനമായ അതിക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായി ഏപ്രിൽ 22 ബുധനാഴ്ച രാത്രി 9 മണിക്ക് എല്ലാ ഡോക്ടർമാരും ആശുപത്രികളും മെഴുകുതിരികൾ കത്തിച്ച് ദേശവ്യാപകമായി "വൈറ്റ് അലർട്ട്" ആചരിക്കാൻ ഐ.എം.എ ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ഉതകുന്ന ഒരു കേന്ദ്ര നിയമം കൊണ്ടു വരണം എന്ന ആവശ്യം മുൻനിർത്തിയാണ് പ്രതിഷേധം. ഈ പ്രതിഷേധത്തിൽ കെജിഎംഒഎ പൂർണമായ പിന്തുണ പ്രഖ്യാപിക്കുന്നു . സംസ്ഥാന വ്യാപകമായി എല്ലാ കെ ജി എം ഒ എ അംഗങ്ങളും വൈറ്റ് അലർട്ട് ആചരിക്കാൻ സംഘടന ആഹ്വാനം ചെയ്തതായി പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ ജനറൽ സെക്രട്ടറി ഡോ ജി എസ് വിജയകൃഷ്ണൻ എന്നിവർ അറിയിച്ചു .

Related News