ആറു ജീവിതങ്ങൾ ദാനം ചെയ്ത് മജീദ് യാത്രയായി

  • 21/04/2020

തിരുവനന്തപുരം: രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന അവയവദാനത്തിന് ഉദാത്ത മാതൃകയായി മജീദിന്റെ കുടുംബം. വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി നേതാവ് കൊടുങ്ങല്ലൂർ എറിയാട് പേരടിയിൽ സി കെ മജീദിന്റെ (55) ഭാര്യയും മക്കളും മരുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തി അവയവദാന സമ്മതപത്രത്തിൽ ഒപ്പുവയ്ക്കുകയായിരുന്നു. ഹൃദയവാൽവുകൾ ശ്രീചിത്രയിൽ ചികിത്സയിലുള്ള രണ്ടു കുട്ടികൾക്കും വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും കരൾ ലേക്ക് ഷോർ ആശുപത്രിയിലും കണ്ണുകൾ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിലേയ്ക്കുമാണ് നൽകുന്നത്. അവയവം മാറ്റിവയ്ക്കൽ പ്രകൃയയിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ പാടുപെടുന്ന നിരവധി രോഗികൾ നമ്മുടെ നാട്ടിലുണ്ട്. മജീദിന്റെ അപ്രതീക്ഷിത വിയോഗം തീർത്ത മാനസികാവസ്ഥയിലും ഉറച്ച തീരുമാനമെടുക്കാൻ കുടുംബത്തിന് കഴിഞ്ഞു. അവയവം മാറ്റിവയ്ക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികൾക്ക് സാന്ത്വനമായി കർമ്മ രംഗത്തുള്ള സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതി മൃതസഞ്ജീവനിയ്ക്ക് മജീദിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മജീദിന്റെ ഭാര്യ റംലത്ത് ഉൾപ്പെടെയുള്ളവർ പൂർണ്ണ സമ്മതം പ്രകടിപ്പിച്ചു. സ്വാർത്ഥ മോഹങ്ങൾ വെടിഞ്ഞ് ഇത്രയും നാൾ സാധാരണക്കാരും പാവപ്പെട്ടവരുമായ മത്സൃ തൊഴിലാളികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച മജീദിന്റെ ജീവിതാന്ത്യത്തിലും അവയവദാനത്തിലൂടെ അക്ഷരാർത്ഥത്തിൽ സാധാരണക്കാരനൊപ്പം ചേരുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 16ന് വൈകുന്നേരം പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം.
മത്സുത്തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മജീദ് (55) ഉൾപ്പെടെയുള്ള സംഘം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിൽ നടന്ന മത്സൃ ഫെഡിന്റെ യോഗത്തിൽ പങ്കെടുത്തു ജീപ്പിൽ മടങ്ങുമ്പോൾ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഉള്ളൂർ സ്വദേശി ബിപിൻ ജേക്കബ് എന്നയാൾ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മജീദും മറ്റു രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോ സി ജയൻ, ഡോ അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തിൽ പരമാവധി പരിശ്രമിച്ചെങ്കിലും മജീദിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെയാണ് മജീദിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ, ഫിഷറീസ് വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ ഓഫീസിന്റെ ഇടപെടൽ തുടർ പ്രവർത്തനങ്ങൾ സുതാര്യമാക്കി. ഡി എം ഇ ഡോ എ റംലാം ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, നോഡൽ ഓഫീസർ നോബിൾ ഗ്രേഷ്യസ്, കോ- ഓഡിറ്റേർമാർ എന്നിവർ മൃതസഞ്ജീവനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവയവങ്ങൾ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നടന്നത്. വൈകുന്നേരം മൂന്നരയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേയ്ക്കു കൊണ്ടുപോയി. സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റിയംഗം വി ശിവൻകുട്ടി, കെ ടി ഡി സി ചെയർമാൻ എം വിജയകുമർ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
മരീദിന്റെ ഭാര്യ: റംലത്ത്, മക്കൾ: സുലേഖ, മൻസിനി, മൻസൂർ.
മരുമക്കൾ: ബഷീർ, അൽഷാദ്, ജസീന.

Related News