കൊറോണ എന്ന മഹമാരിയെ ആവുന്നത്ര നിയന്ത്രിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കേരളജനത ഒന്നടങ്കം. ശാസ്ത്രീയ അടിസ്ഥാനത്തിൽ ആധുനിക വൈദ്യശാസ്ത്ര രംഗം അഹോരാത്രം പരിശ്രമിക്കുമ്പോൾ അശാസ്ത്രീയതയെ കൂട്ടു പിടിക്കാൻ മുഖ്യമന്ത്രി തുനിയുന്നത് അഭിലഷണീയമല്ല തന്നെ. സുപ്രീം കോടതി പോലും ഈ സന്ദർഭത്തിൽ പരീക്ഷണങ്ങൾക്ക് മുതിരരുത് എന്ന മുന്നറിയിപ്പോടെ ഹോമിയോചികിത്സയെ നിരാകരിച്ചിട്ടും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് മാത്രമല്ല കോടതി അലക്ഷ്യം കൂടി ആണ്. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാതെ പ്രതിരോധ മരുന്ന് എന്ന രീതിയിൽ വിതരണം ചെയ്യുന്നത് ജനങ്ങളിൽ തനിക്ക് രോഗബാധ ഉണ്ടാകില്ലെന്ന മിഥ്യാധാരണ പരത്താനും മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടാനും മാത്രമേ ഉപകരിക്കൂ. ആധുനിക വൈദ്യശാസ്ത്രവും അതിന്റെ ചികിത്സാ പ്രോട്ടോകോളും നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന രോഗം ഭയാനക അവസ്ഥയിൽ പടർന്നാൽ അതിന്റെ ഉത്തരവാദിത്തം അശാസ്ത്രീയ രീതികൾക്കും സർക്കാരിന് തന്നെയും മാത്രം ആയിരിക്കും എന്ന് ഐ എം എ മുന്നറിയിപ്പ് തരുന്നു. ശാസ്ത്രീയമായി അന്താരാഷ്ട്ര പഠനങ്ങളുടെ പിൻബലമില്ലാത്ത രീതികൾ കൊറോണ പോലെയുള്ള രോഗങ്ങൾക്ക് നിർദേശിക്കപ്പെട്ടാൽ പൊതുജനാരോഗ്യ രംഗത്തും വ്യക്തികളുടെ ആരോഗ്യത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയിൽ പറഞ്ഞു.
ഇന്നാട്ടിലെ ജനങ്ങളുടെ ജീവന് സർകാർ സമാധാനം പറയേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാതെ ഇരിക്കണമെങ്കിൽ ലോക് ഡൗൺ പിൻവലിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. കൂടുതൽ രോഗബാധ ഉള്ള സ്ഥലങ്ങളിൽ ഒരു ലക്ഷം പേരിൽ അഞ്ഞൂറ് പേർക്കും മറ്റു പ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ നൂറു പേർക്കും ടെസ്റ്റുകൾ ചെയ്ത് രോഗവ്യാപനത്തിന്റെ രീതിയും തോതും മനസ്സിലാക്കി അപഗ്രഥിച്ചതിന് ശേഷം മാത്രമേ നിയന്ത്രണങ്ങളിൽ അയവ് ആകാവൂ. ആരുടെയെങ്കിലും സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ എടുത്താൽ അത് തെറ്റ് തിരുത്താനുള്ള സാവകാശം പോലും കിട്ടാത്ത അക്ഷന്തവ്യമായ നീക്കമാവും എന്ന് കൂടി ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്.
ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഈ രോഗമെന്ന് വീണ്ടും വീണ്ടും ഊന്നിപ്പറയട്ടെ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?