സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്നും ഓരോ മാസവും ആറ് ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്ക് പിടിച്ചെടുക്കുവാനുള്ള സർക്കാരിന്റെ തീരുമാനം തൊഴിലാളി വിരുദ്ധവും വഞ്ചനാപരവുമാണ്. സാലറി ചലഞ്ച് ഇല്ലായെന്നും ജീവനക്കാർക്കും അധ്യാപകർക്കും ഇഷ്ടമുള്ള തുക കോവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്യാവുന്നതാണ് എന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കാനുള്ള കേരള സർക്കാരിന്റെ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ഇത് കെ പി എസ് ടി എ അംഗീകരിക്കില്ല. പൊതുജനങ്ങളുടെയിടയിൽ ജീവനക്കാരെയും അധ്യാപകരെയും ഒറ്റപ്പെടുത്തുവാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രമാണിവിടെ വെളിവാകുന്നത്. ഇതിനെതിരെ സംഘടന കോടതിയെ സമീപിക്കും. പ്രളയത്തിന്റെ ഭാഗമായി സാലറി ചലഞ്ച് ഏർപ്പെടുത്തിയപ്പോൾ പരമോന്നത നീതിപീഠം പോലും ഇത് ജനാധിപത്യവിരുദ്ധവും മനുഷ്യത്വഹീനവുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. രണ്ടായിരത്തിരണ്ടിൽ എ കെ ആൻറണി സർക്കാരിന്റെ കാലത്ത് ജീവനക്കാരുടെയും അധ്യാപകരുടെയും ഏതാനും ചില ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കാൻ തീരുമാനം എടുത്തപ്പോൾ അതിനെതിരെ സമരം ചെയ്തവരാണ് കേരളത്തിലെ അധ്യാപകരും ജീവനക്കാരും. അന്ന് സമരരംഗത്തുണ്ടായിരുന്ന ഇടത് സംഘടനകൾ ശമ്പളം പിടിച്ചെടുക്കുവാൻ ഇപ്പോൾ സർക്കാർ എടുത്തിട്ടുള്ള ഈ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കണം.ഭാരതസർക്കാർ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം മാത്രമാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത് [ആകെ പത്ത് ദിവസം]. തമിഴ്നാട് സർക്കാരും, കർണാടക സർക്കാരും ഒരു ദിവസത്തെ ശമ്പളം മാത്രമാണ് ആവശ്യപ്പെട്ടത്.ഹരിയാന സർക്കാർ ഒരു ശതമാനം മുതൽ നൂറ് ശതമാനം വരെ ആവശ്യപ്പെട്ടപ്പോൾ ശരാശരി 30 ശതമാനം വരെ ശമ്പളം നൽകുവാൻ അധ്യാപകരും ജീവനക്കാരും തയ്യാറായിട്ടുണ്ട്.ഇവിടെ ഇതിനെല്ലാം വിരുദ്ധമായി ഏകപക്ഷീയമായാണ് സർക്കാർ നിലപാട് സ്വീകരിച്ചത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തിരികെ നൽകുമെന്ന് പറയുന്നത് ഈ സർക്കാരിന്റെ ഇതുവരെയുള്ള നിലപാടുകൾ നോക്കുമ്പോൾ ഒരിക്കലും നടക്കുവാൻ പോകുന്നില്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരുന്ന സാഹചര്യത്തിൽ പോലും കുടിശ്ശിഖയായ 12% ഡി.എ തരുവാനൊ, 2019 ജൂലൈ 1 മുതൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പാക്കുവാനൊ തുനിയാതിരുന്ന സർക്കാർ ഇപ്പോൾ പിടിക്കുന്ന ശമ്പളം സ്ഥിതി അനുകൂലമാകുമ്പോൾ തിരികെ തരുമെന്ന് പറയുന്നത് അപഹാസ്യമാണ്.മെഡിക്കൽ ഇൻഷ്വറൻസ് എന്ന ആനുകൂല്യം പോലും മരവിപ്പിച്ചു.ഹൗസ് ബിൽഡിംഗ് അഡ്വാൻസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.എയ്ഡഡ് സ്കൂൾ മേഖലയിൽ അധ്യാപക നിയമനം തടസ്സപ്പെടുത്തിയിരിക്കുന്നു. അധ്യാപക, വിദ്യാർത്ഥി അനുപാതം വെട്ടിക്കുറച്ച് വൻ തോതിൽ തസ്തികകൾ ഇല്ലാതാക്കുന്നു. ഇപ്രകാരം അധ്യാപകരോടും ജീവനക്കാരോടും തുടർച്ചയായി ദ്രോഹ നടപടികൾ മാത്രം സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഈ സർക്കാരിൽ നിന്നും തുടർന്നും ഇത് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു
ഒരുവശത്ത് ധൂർത്തും അനാവശ്യ ചെലവുകളും നിറഞ്ഞാടുമ്പോൾ അവയൊന്നും നിയന്ത്രിക്കാതെ പ്രളയവുമായി ബന്ധപ്പെട്ട് ലഭിച്ച ഫണ്ടിൽ ഉൾപ്പെടെ വൻ തിരിമറികൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടിക്കാരുടേതുൾപ്പെടെയുള്ള പല അക്കൗണ്ടുകളിലേക്കും ഫണ്ടുകൾ ഒഴുകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു .പ്രളയവുമായി ബന്ധപ്പെട്ട് ലഭിച്ച സംഭാവനയിൽ അയ്യായിരം കോടിയോളം രൂപ ആ ഇനത്തിൽ ചിലവഴിച്ചിട്ടില്ലെന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ ശമ്പള പിടിച്ചെടുക്കൽ എന്നത് ഏറെ വിചിത്രമാണ്.
ഒരാളുടെ ശമ്പളം കൊണ്ട് മാത്രം കുടുംബം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി അധ്യാപകരും ജീവനക്കാരും ഇവിടെയുണ്ട്. അതോടൊപ്പം തന്നെ ദീർഘകാലമായിട്ടുള്ള ചികിത്സയുമായി ബന്ധപ്പെട്ടും,വീട് നിർമ്മാണം മുതലായ മറ്റു വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയും നിരവധിയായ ലോണുകൾ എടുത്തുകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് ഏറിയ പങ്കും ജീവനക്കാരും അധ്യാപകരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതൊന്നും കാണാതെ, പരിഗണിക്കാതെ എൽ ഡി എഫ് സർക്കാർ എടുത്തിട്ടുള്ള ഈ വഞ്ചനാപരമായ തീരുമാനം ഉടൻ തിരുത്തണം. ജീവനക്കാരോടും അധ്യാപകരോടും അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ ഇടതു സംഘടനകളും ഈ അവസരത്തിൽ പ്രതിഷേധവുമായി രംഗത്ത് വരണം. കോടതിയെ സമീപിക്കാനും അവർ തയ്യാറാകണം. ഇഷ്ടമുള്ള തുക സംഭാവന ചെയ്യുവാനാവും വിധം നിലപാട് തിരുത്തി സർക്കാർ ഉത്തരവിറക്കണം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?