തിരുവനന്തപുരം റെയിൽവേ നടത്തിയത് ചിട്ടയായ പ്രതിരോധം

  • 23/04/2020

കോവിഡ് -19 പ്രതിരോധിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ  റെയിൽവേ സ്റ്റേഷനിൽ നടന്നത്് ചിട്ടയായ പ്രതിരോധ പ്രവർത്തനം. ലോക്ക് ഡൗണിന്റെ ഭാഗമായി ട്രെയിൻ സർവീസ് നിർത്തലാക്കിയെങ്കിലും ചരക്ക് നീക്കത്തിനായുള്ള ഗുഡ്‌സ് ട്രെയിനുകൾ ഇപ്പോഴും സ്റ്റേഷനിൽ എത്തുന്നുണ്ട്. ഗുഡ്‌സ് ട്രെയിനിലെ ലോക്കോപൈലറ്റടക്കമുള്ള ജീവനക്കാർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു മുൻപും ശേഷവും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ്,  സാനറ്റൈസർ, കൈയ്യുറ എന്നിവ ഇവിടെ നിന്ന് നൽകുന്നു. സംസ്ഥാനത്ത് കോവിഡ് -19 സ്ഥിരീകരിച്ച സമയത്തുതന്നെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എല്ലാ കവാടങ്ങളിലും  തെർമൽ സ്‌കാനിംഗ്  ബൂത്തുകൾ ആരംഭിച്ചിരുന്നു. ജില്ലയിലെ കൊച്ചുവേളി, കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻക്കര സ്റ്റേഷനുകളിലും തെർമൽ സ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ  സഹായത്തോടെയാണ് സജ്ജീകരിച്ചത്.

തിരുവന്തപുരം സെൻട്രൽ സ്റ്റേഷനിൽ 5 ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തെ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ പരിശോധിക്കാൻ ഏർപ്പെടുത്തി. മാർച്ച് 16 മുതൽ ദീർഘദൂര ട്രെയിനുകളിലെ മുഴുവൻ യാത്രക്കാരെയും ഡോക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘം തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കി. 25ന് സെൻട്രൽ സ്റ്റേഷനിൽ എത്തിയ വിവേക് എക്‌സ്പ്രസ്സ് വരെയുള്ള എല്ലാ ട്രെയിനുകളിലും ഇത് തുടർന്നു. ഇടയ്ക്കിടെ റെയിൽവെ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കാനും അധികൃതർ മറന്നില്ല.

Related News