കല്ല്യാണങ്ങളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുത്താല്‍ എല്ലാവര്‍ക്കുമെതിരെ കേസ്; 5000 രൂപവരെ പിഴയും രണ്ട് വര്‍ഷം തടവും

  • 11/05/2021



പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ ഇനിമുതല്‍ നടത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ പങ്കടുക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കും. രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. എന്നിട്ടും ചട്ടം ലംഘിച്ച് ആളുകള്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിലെ സാഹചര്യത്തില്‍ 20 പേര്‍ക്കാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ചടങ്ങില്‍ 21 പേര്‍ പങ്കെടുക്കാന്‍ എത്തിയാല്‍ പോലും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കും. 5000 രൂപവരെ പിഴയും രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ വിവാഹ ചടങ്ങിനായി സ്ഥലം അനുവദിച്ച ഓഡിറ്റോറിയം ആരാധനാലയം അധികൃതര്‍ക്കെതിരേയും വരന്‍, വധു, മാതാപിതാക്കള്‍ തുടങ്ങി ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കും. ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹത്തിന് അനുമതി തേടി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ പോലീസ് നിരീക്ഷണം ഉണ്ടാകും.

ഇതുവരെ പത്തനംതിട്ട, കോന്നി, ഇലവുംതിട്ട, കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8, 9 തിയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related News