കോവിഡിന് ഇന്ത്യന്‍ വാക്സിന്‍; ഓഗസ്റ്റ് 15 ന് പുറത്തിറക്കാനൊരുങ്ങുന്നു.

  • 04/07/2020

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ഓഗസ്റ്റ് പകുതിയോടെ പുറത്തിറക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) നടപടികൾ തുടങ്ങി. തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച ‘കോവാക്സി’ന്റെ പരീക്ഷണങ്ങൾക്ക് അനുമതി വേഗത്തിലാക്കാൻ മെഡിക്കൽ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഐ.സി.എം.ആർ നിർദ്ദേശം നൽകി. എന്നാല്‍ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരത് ബയോടെക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഐ.സി.എം.ആർ. നിർമിക്കുന്ന കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അടുത്തിടെ ഇന്ത്യൻ ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചിരുന്നു. എച്ച്1 എൻ1 പനി പടർന്നപ്പോൾ ഭാരത് ബയോടെക് അതിനെതിരായ എച്ച്1 എൻ1 വാക്സിൻ നിർമിച്ചിരുന്നു. കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ഏറെ മുമ്പോട്ടുപോയിട്ടുള്ള ആസ്ട്രസെനെക കമ്പനിയും ഓക്സ്‌ഫഡ് സർവകലാശാലയും പറയുന്നത് അവരുടെ വാക്സിൻ പുറത്തിറക്കാൻ ഇക്കൊല്ലം അവസാനമെങ്കിലുമാകുമെന്നാണ്. അതിനിടെയാണ് ഓഗസ്റ്റ് പകുതിയോടെ വാക്സിൻ പുറത്തിറക്കാനാകുമെന്ന് ഐ.സി.എം.ആർ. പറയുന്നത്.

Related News